#Latest news #Venezuela #Emergency aid #earthquakes #India
ന്യൂഡല്‍ഹി:(https://truevisionnews.com/) തുടർച്ചയായുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് വൻ നാശനഷ്ടങ്ങളുണ്ടായ വെനസ്വേലയ്ക്ക് അടിയന്തര സഹായവുമായി ഇന്ത്യ. 'ഓപ്പറേഷൻ അമിസ്റ്റാഡ്' എന്ന് പേരിട്ടിരിക്കുന്ന രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ കരസേനയുടെ പ്രത്യേക സംഘവും മെഡിക്കൽ സംഘവും വെനസ്വേലയിലേക്ക് പുറപ്പെട്ടു.
വ്യോമസേനയുടെ രണ്ട് വലിയ സി-17 (IAF C-17) വിമാനങ്ങളിലാണ് സഹായ സാമഗ്രികൾ അയച്ചിരിക്കുന്നത്. മരുന്നുകൾ ഉൾപ്പെടെ 35 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ വെനസ്വേലയിൽ എത്തിക്കും.
ഇതിൽ അടിയന്തര ചികിത്സയ്ക്ക് ഉപയോഗിക്കുന്ന അതിവേഗ മൊബൈൽ ആശുപത്രി സംവിധാനമായ രണ്ട് 'ഭീഷ്മം ക്യൂബുകളും' (BHISHM Cubes) ഉൾപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
ബുധനാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പങ്ങളിൽ വെനസ്വേലയിൽ ഇതുവരെ 235 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. മരിച്ചവരിൽ ബ്രസീൽ, ചൈന, പോർച്ചുഗൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളും ഉൾപ്പെടുന്നു.
തലസ്ഥാനമായ കാരക്കാസ്, തുറമുഖ നഗരമായ ലാ ഗൈ്വറ എന്നിവിടങ്ങളിൽ നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നടിഞ്ഞു. ആയിരത്തിലധികം പേരെ കാണാതായിട്ടുണ്ട്. 4300-ഓളം പേർ നിലവിൽ ചികിത്സയിലാണ്.
തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിരവധി ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. കടുത്ത സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധിക്കിടെ ദുരന്തമുണ്ടായ വെനസ്വേലയ്ക്ക് അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളും അത്യാധുനിക രക്ഷാപ്രവർത്തക സംഘങ്ങളെയും സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
Content Highlight: Twin earthquakes cause massive damage in Venezuela; India sends over 35 tonnes of emergency aid

































