#Latest News #Mystery #Body Controversy #Infant Jesus Church #Vaniyappara #Kannur
കണ്ണൂർ: ( www.truevisionnews.com) കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിലെ മൃതദേഹ വിവാദത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ്. സെമിത്തേരി നവീകരണത്തിന്റെ ഭാഗമായി കല്ലറയുടെ നമ്പറുകൾ മാറിയതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും പൊലീസ് പറയുന്നു.
2006ലും 2015 ലും കല്ലറയിൽ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു. ഇതിൽ 2015 ൽ സംസ്കരിച്ച മൃതദേഹമാകാം കണ്ടതെന്നാണ് പൊലീസിന്‍റെ നിഗമനം. 2015 ലെ സംസ്കാര ചടങ്ങിന്റെ ചിത്രങ്ങളും പൊലീസ് പരിശോധിച്ചു. പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹം പായയിൽ പൊതിഞ്ഞിരുന്നതായി കണ്ടെത്തി.
സംഭവത്തില്‍ 2015 ൽ സംസ്കരിച്ച ആളുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. നിലവില്‍ കല്ലറ തുറക്കേണ്ട സാഹചര്യമില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ കഴിഞ്ഞ 13നാണ് മൃതദേഹം സംസ്കരിക്കാൻ കല്ലറ തുറന്നത്. കല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കം ചെയ്ത മൃതദേഹത്തിനൊപ്പമാണ് പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു കണ്ടെത്തിയതാണ് സംശയത്തിന് ഇടയാക്കിയത്.
പള്ളി വികാരി പൊലീസിൽ വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ സെമിത്തേരിയിൽ പരിശോധന നടത്തിയ പൊലീസ് കല്ലറ സീൽ ചെയ്തു. ഇതിനിടെ കല്ലറയിലെ ദുരൂഹത പ്രദേശവാസി ഫേസ്ബുക്ക് പോസ്റ്റിട്ടതോടെ വിവാദമായി.
ക്രിസ്ത്യൻ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യില്ലെന്നും ദുരൂഹതയുണ്ടെന്നും നാട്ടുകാരൻ ജിൽസ് ഉണ്ണിമാക്കൽ പറഞ്ഞു. സംശയം തോന്നിയതോടെ പള്ളിയിൽ നിന്ന് പൊലീസിനെ വിവരം അറിയിച്ചുവെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ വ്യക്തമാക്കി.
Content Highlight: Police say there is no mystery in the body controversy at the Infant Jesus Church in Vaniyappara, Kannur
#Latest News #Mystery #Body Controversy #Infant Jesus Church #Vaniyappara #Kannur

































