#Latest News #Kerala Police #Fake TV Apps #FIFA World Cup #Cyber Fraud
തിരുവനന്തപുരം: ( www.truevisionnews.com ) ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് വ്യാജ ടി വി ആപ്പുകൾ വഴി പണം തട്ടുന്നുവെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഫിഫ ലോകകപ്പ് ആരംഭിക്കുന്ന സാഹചര്യത്തിൽ ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നുവെന്നാണ് പത്രക്കറിപ്പിലൂടെ കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ്, തുടങ്ങിയ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന "FIFA World Cup ലൈവ് ഫ്രീ, "1000+ ടിവി ചാനലുകൾ സൗജന്യം", "പ്രീമിയം OTT ഉള്ളടക്കം ഫ്രീ", "പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും" തുടങ്ങിയ ആകർഷകമായ പരസ്യങ്ങളുടെ മറവിൽ, HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ആപ്ലിക്കേഷനുകൾ പോലെ തന്നെ തോന്നിക്കുന്ന വ്യാജ APK ഫയൽ ഡൗൺലോഡ് ലിങ്കുകളിലൂടെയാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നതെന്നാണ് മുന്നറിയിപ്പ്.
ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം മൊബൈൽ ഫോണിൽ "Update Required", "Activate Subscription", "Enable Service" തുടങ്ങിയ സന്ദേശങ്ങൾ സജീവമാക്കാൻ ആവശ്യപ്പെടുകയും ഇതിലൂടെ ഫോണിന്റെ Accessibility Service, Screen Overlay, Notification Access തുടങ്ങിയ എല്ലാ അനുമതികളും നേടി സുരക്ഷാ സംവിധാനങ്ങൾ ദുർബലപ്പെടുത്തി, ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിലെ വിവിധ അപ്ലിക്കേഷനുകളിലേക്ക് തട്ടിപ്പുകാർ പ്രവേശനം നേടുന്നു. ഇതിലൂടെ ഫോണിന്റെ നിയന്ത്രണം പൂർണമായും തട്ടിപ്പുകാർ കൈ വശപ്പെടുത്തി UPI ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം അനധികൃതമായി തട്ടിയെടുക്കുന്നുവെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.
- FIFA World Cup മത്സരങ്ങൾ കാണുന്നതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന APK ഫയലുകൾ ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുത്.
- Google Play Store, Apple App Store പോലുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുക.
- "Free Premium Subscription", "Unlimited Sports Access", "Watch All Matches Free" തുടങ്ങിയ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്.Accessibility Service, Install Unknown Apps, Screen Control തുടങ്ങിയ അനുമതികൾ ആവശ്യപ്പെടുന്ന ആപ്ലിക്കേഷനുകൾ ഒഴിവാക്കുക.
- ബാങ്കിംഗ്, UPI ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കുക.
- സംശയാസ്പദമായ ലിങ്കുകൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ഫോർവേഡ് ചെയ്യരുത് .
- സൈബർ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാൽ ഉടൻ 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.
Content Highlight: Kerala Police warns of money laundering through fake TV apps related to FIFA World Cup
#Latest News #Kerala Police #Fake TV Apps #FIFA World Cup #Cyber Fraud
































