---
title: "'ആർക്കും ഒന്നും മുൻകൂട്ടി കാണാൻ പറ്റരുത്, അതിനാണ് പുതിയ മുഖം തിരഞ്ഞെടുത്തത്'; ഫർസാനയെ കണ്ടെത്തിയതിനെക്കുറിച്ച് ചിദംബരം"
english_title: "'No one can foresee anything, that's why a new face was chosen'; Chidambaram on finding Farsana"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365282/no-one-can-foresee-anything-thats-why-a-new-face-was-chosen-chidambaram-on-finding-farsana"
published_at: "2026-06-11T12:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a64a134041_Chidambaram_on_finding_Farsana.jpg"
keywords: ["Chidambaram", "Balan The Boy", "Malayalam Cinema", "Mollywood"]
---

# 'ആർക്കും ഒന്നും മുൻകൂട്ടി കാണാൻ പറ്റരുത്, അതിനാണ് പുതിയ മുഖം തിരഞ്ഞെടുത്തത്'; ഫർസാനയെ കണ്ടെത്തിയതിനെക്കുറിച്ച് ചിദംബരം

> **Lead Summary:** 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബാലൻ ദി ബോയ്' റിലീസിന് ഒരുങ്ങുന്നു. ജൂൺ 19-ന് ആഗോളതലത്തിൽ ചിത്രം തിയേറ്ററുകളിലെത്തും. 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവനാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. തെന്നിന്ത്യൻ സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന് സുഷിൻ ശ്യാം സംഗീതവും, ഷൈജു ഖാലിദ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ചിത്രത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തുവന്ന ട്രെയിലറിന് സോഷ്യൽ മീഡിയയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

## Article Content

'മഞ്ഞുമ്മൽ ബോയ്സ്' എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബാലൻ ദി ബോയ്' റിലീസിന് ഒരുങ്ങുന്നു. ജൂൺ 19-ന് ആഗോളതലത്തിൽ ചിത്രം തിയേറ്ററുകളിലെത്തും. 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവനാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. തെന്നിന്ത്യൻ സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന് സുഷിൻ ശ്യാം സംഗീതവും, ഷൈജു ഖാലിദ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ചിത്രത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തുവന്ന ട്രെയിലറിന് സോഷ്യൽ മീഡിയയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യമായിരുന്നു സിനിമയിൽ പ്രധാന കഥാപാത്രമായി എത്തിയ നടിയുടെ പ്രകടനം. തിയറ്റർ ആർട്ടിസ്റ്റും മോഡലും പീഡിയാട്രിക് ഒക്കുപേഷണൽ തെറാപ്പിസ്റ്റുമായ ഫർസാന പാലത്തിങ്കൽ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി എത്തുന്നത്. ഇപ്പോഴിതാ ഫർസാനയുടെ കാസ്റ്റിങ്ങിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ചിദംബരം.

> "എനിക്ക് മുൻപരിചയമില്ലാത്ത ഞാനിതുവരെ കണ്ടിട്ടില്ലാത്ത രണ്ട് പേരായിരുന്നു അവർ. കൊച്ചിയിലാണ് ഓഡിഷൻ വച്ചത്. ഒരുപാട് നല്ല അഭിനേതാക്കൾ അതിൽ പങ്കെടുത്തിരുന്നു. എനിക്ക് ആവശ്യം ഒരു പുതിയ മുഖമായിരുന്നു. ആർക്കും ഒന്നും മുൻകൂട്ടി കാണാൻ പറ്റരുത്. ഒരുപാട് മികച്ച സ്ത്രീ അഭിനേതാക്കൾ നമ്മുടെ കേരളത്തിലുണ്ട്. പക്ഷേ എനിക്ക് അവരാരും വേണ്ട എന്ന് തോന്നാൻ കാരണം, ഈ ലോകമേ പുതിയതാണ്. അവരെങ്ങനെയാണ് പെരുമാറുന്നത്, പ്രതികരിക്കുന്നത് എന്നതൊന്നും ആർക്കും മുൻകൂട്ടി കാണാനാകരുത്. ചില അഭിനേതാക്കളുടെ മീറ്റർ നമുക്കറിയാം. അത് ബ്രേക്ക് ചെയ്യാൻ വേണ്ടിയിട്ടാണ് പുതിയൊരു മുഖം വേണമെന്ന് ഞാൻ തീരുമാനിച്ചത്." ചിദംബരം പറയുന്നു.

> "പുതിയൊരു മുഖം ആകുമ്പോൾ അതിലൊരുപാട് കാര്യങ്ങളുണ്ട്. ഒരു സ്പാർക്ക് വേണം, കണ്ണ് വേണം, പെട്ടെന്ന് അഭിനയിക്കാനാകണം. അങ്ങനെ കുറേപേരെ ഓഡിഷൻ ചെയ്തപ്പോൾ കിട്ടിയതാണ് ഫർസാനയെ. കുറേ ജീവിതം കണ്ട ഒരു മുഖവും വേണം, അങ്ങനെ ഒരുപാട് ഘടകങ്ങൾ വേണം. ​ഗണപതിയായിരുന്നു ഇതിന്റെ കാസ്റ്റിങ് ഡയറക്ടർ. അങ്ങനെ അവസാനം നമ്മൾ അവരെ കണ്ടെത്തി. അവർ കൊച്ചിയിലേക്ക് വന്നു. അവരുടെ ആദ്യത്തെ ഫീച്ചർ സിനിമയാണ് ബാലൻ. പരസ്യങ്ങളും ഷോർട്ട് ഫിലിമും മ്യൂസിക് വിഡിയോയുമൊക്കെ ചെയ്തിട്ടുണ്ട്. ആദ്യമായിട്ട് ഒരു സിനിമ ചെയ്യുന്ന ആളാണെന്ന് അവർ അഭിനയിക്കുമ്പോൾ തോന്നിയില്ല. ഭയങ്കര നാച്വറൽ ആയിരുന്നു. മികച്ചൊരു അഭിനേതാവാണ് അവർ. കുട്ടിയുമായിട്ടും അവർ വേ​ഗം കണക്ട് ആയി." ചിദംബരം കൂട്ടിച്ചേർത്തു. രേഖ മേനോനുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

അതേസമയം നേരത്തെ കാൻ ഫിലിം ഫെസ്റ്റിവലിലെ മാർക്കറ്റിങ് വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഇന്നലെ പുറത്തുവന്ന ട്രെയിലറിൽ ശ്രദ്ധേയമായ രണ്ട് മുഖങ്ങളാണ് ഉണ്ടായിരുന്നത്. ടൊവിനോ തോമസും സംവിധായകൻ ഗിരീഷ് എ ഡിയും. ടൊവിനോ തോമസ് ചിത്രത്തിലുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം പൊലീസ് കഥാപാത്രമായാണ് ചിത്രത്തിൽ ഗിരീഷ് എഡി എത്തുന്നത്.

വ്യക്തിത്വം, സ്വത്വം, അതിജീവനം എന്നീ വിഷയങ്ങളിൽ വേരൂന്നിയ, ആഴത്തിലുള്ള മാനുഷികവും വൈകാരികവുമായ തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമാനുഭവത്തിലേക്കുള്ള ഒരു നേർക്കാഴ്ചയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്നത്. ഏറെ ആകർഷകമായ ഈ ട്രെയ്‌ലർ, സപ്സെൻസ്, ത്രിൽ, ദുരൂഹത എന്നിവ നിറച്ചാണ് ഒരുക്കിയിരിക്കുന്നത്. മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം ഒരുക്കുന്ന ചിത്രം എന്ന നിലയിലും പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബാലൻ. ചിത്രത്തിന്റെ പുറത്തിറങ്ങിയ പോസ്റ്ററുകൾ സോഷ്യൽ മാധ്യമങ്ങൾ ശ്രദ്ധ നേടിയിരുന്നു. സുഷിൻ ശ്യാം ഒരുക്കിയ സംഗീതവും ട്രെലറിന്റെ ആകർഷക ഘടകമാണ്.

സംവിധായകൻ ചിദംബരവും തിരക്കഥാകൃത്ത് ജിത്തു മാധവനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ബാലൻ ദ ബോയ്ക്കുണ്ട്. രണ്ട് പ്രതിഭകളുടെയും കൂട്ടുകെട്ട് സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് ഇപ്പോൾ നൽകുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/365282/no-one-can-foresee-anything-thats-why-a-new-face-was-chosen-chidambaram-on-finding-farsana)