കോഴിക്കോട്: ( www.truevisionnews.com ) റോഡരികിലെ വൈദ്യുതി തൂണ്‍ ഒന്നാകെ ഇടിച്ചു തകര്‍ത്ത കാര്‍ യാത്രികര്‍ കടന്നുകളഞ്ഞു. കോഴിക്കോട് മലയോര മേഖലയായ കൂടരഞ്ഞി - കൂമ്പാറ - കക്കാടംപൊയില്‍ റോഡിലെ കള്ളിപ്പാറയിലാണ് നിയന്ത്രണം വിട്ട കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് റോഡിലേക്ക് തകര്‍ന്നുവീണത്. അപകടം നടന്ന ശേഷം കാര്‍ യാത്രികര്‍ കടന്നുകളയുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ കാര്‍ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് പൂര്‍ണ്ണമായും തകര്‍ന്ന് ലൈനുകളടക്കം റോഡിന് കുറുകെ വീണു. അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവര്‍ വാഹനം നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചുപോയി.
എന്നാല്‍ വാഹനത്തിന്റെ ബമ്പര്‍ ഉള്‍പ്പെടെയുള്ള ഭാഗം സംഭവസ്ഥലത്ത് തെറിച്ചുവീണ നിലയില്‍ കണ്ടെത്തി. നമ്പര്‍ പ്ലേറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. ഈ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വാഹനം തിരിച്ചറിയുന്നതിനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും ഇതുവഴിയുള്ള ഗതാഗതവും താറുമാറായി.
Passengers escape after car crashes into electricity pole on Kozhikode road


































