കൊച്ചി: ( www.truevisionnews.com ) വടശ്ശേരി ദാമോദരൻ സതീശൻ എന്ന വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കമായിരിക്കുകയാണ്.
ഹൈക്കമാൻഡ് ഔദ്യോഗികമായി അദ്ദേഹത്തിന്റെ പേര് പ്രഖ്യാപിച്ചതോടെ പിണറായി സർക്കാരിനെതിരായ പോരാട്ടത്തിൽ പട നയിച്ച സതീശൻ, ഇനി തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മടങ്ങുന്നത് ഒന്നാം നമ്പർ സ്റ്റേറ്റ് കാറിലായിരിക്കുമെന്ന ആവേശത്തിലാണ് പ്രവർത്തകർ.
തിരുവനന്തപുരത്തെ ഇന്ദിരാഭവന് മുന്നിൽ ജനസാഗരമാണ് വി.ഡി. സതീശനായി കാത്തുനിന്നത്. വെള്ളയമ്പലത്തുനിന്ന് ശാസ്തമംഗലത്തേക്കുള്ള റോഡ് പൂർണ്ണമായും സ്തംഭിക്കുന്ന തരത്തിലായിരുന്നു പ്രവർത്തകരുടെ ആവേശം. ‘ഇത് നേരത്തെയാവാമായിരുന്നു’ എന്നാണ് പല പ്രവർത്തകരും ഈ പ്രഖ്യാപനത്തേക്കുറിച്ച് പ്രതികരിച്ചത്.
കൊച്ചിക്കാരനായ മുഖ്യമന്ത്രി എന്ന നിലയിൽ എറണാകുളം ജില്ലയിൽ ആഘോഷങ്ങൾ അണപൊട്ടി ഒഴുകുകയാണ്. ജില്ലയിലെ 14 സീറ്റുകളിൽ 14-ഉം പിടിച്ചെടുത്ത് കോൺഗ്രസ് നടത്തിയ ക്ലീൻ സ്വീപ്പ് സതീശന്റെ കരുത്ത് വർദ്ധിപ്പിച്ചു.
മന്ത്രി പി. രാജീവിനെപ്പോലെയുള്ള പ്രമുഖരെപ്പോലും മലർത്തിയടിച്ചാണ് എറണാകുളം യുഡിഎഫിനൊപ്പം ഉറച്ചുനിന്നത്. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനങ്ങളിൽ മഴയെപ്പോലും അവഗണിച്ച് നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. സ്വന്തം നാട്ടുകാരൻ മുഖ്യമന്ത്രിയാകുന്നതിന്റെ അഭിമാനം കൊച്ചിക്കാരുടെ മുഖങ്ങളിൽ വ്യക്തമായിരുന്നു.
കോഴിക്കോട് ഡിസിസിയിലും സമാനമായ രീതിയിലുള്ള ആഹ്ലാദപ്രകടനങ്ങളാണ് നടന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ തെരുവുകളിൽ നൃത്തം ചെയ്തു. ‘കേരളം ആഗ്രഹിച്ച മുഖ്യമന്ത്രിയെയാണ് ഹൈക്കമാൻഡ് നൽകിയത്’ എന്നാണ് കോഴിക്കോട്ടെ പ്രവർത്തകർ ഒരേ സ്വരത്തിൽ പറയുന്നത്.
രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കളുടെ പിന്തുണയും പുതിയ നേതൃത്വത്തിനുണ്ട്. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്നും പൂർണ്ണ പിന്തുണ നൽകുന്നുവെന്നും കാണിച്ച് ചെന്നിത്തല കത്ത് കൈമാറി.
എഐസിസി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നിയമസഭയിലെ അസംബ്ലി ഹോളിൽ ചേരുന്ന പാർലമെന്ററി പാർട്ടി യോഗം സതീശനെ കക്ഷിനേതാവായി ഔദ്യോഗികമായി തിരഞ്ഞെടുക്കും. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനായിരിക്കും സതീശന്റെ പേര് നിർദ്ദേശിക്കുകയെന്നാണ് സൂചന.
ഭരണപരമായ നടപടികൾ വേഗത്തിലാക്കാനാണ് പുതിയ സർക്കാരിന്റെ തീരുമാനം. ഇന്ന് രാത്രിതന്നെ വി.ഡി. സതീശൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചേക്കും.
സത്യപ്രതിജ്ഞാ ചടങ്ങുകൾ സെൻട്രൽ സ്റ്റേഡിയത്തിൽ വിപുലമായി നടത്താനാണ് ആലോചന. സതീശന്റെ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
സതീശന്റെ വിജയത്തെ ജനം വിചിത്രമായ രീതികളിലൂടെയും ആഘോഷിക്കുന്നുണ്ട്. ചില ഹോട്ടലുകൾ സതീശൻ എന്ന് പേരുള്ളവർക്ക് അൺലിമിറ്റഡ് ഫ്രീ മന്തി ഓഫർ പ്രഖ്യാപിച്ചാണ് ആഘോഷം പൊലിപ്പിച്ചത്. മറ്റൊരിടത്ത് 150 പേർക്ക് ബിരിയാണി സൗജന്യമായി നൽകിയും വി.ഡി സതീശന്റെ മുഖ്യമന്ത്രിസ്ഥാനം ആഘോഷിച്ചു.
Activists celebrate Satheesan's CMship


































