താമരശ്ശേരി: (https://truevisionnews.com/) ലഹരി മാഫിയ സംഘം തടവിലാക്കിയ വയനാട് സ്വദേശിയായ യുവാവിനെ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. ബംഗളൂരുവിൽ ട്രാവൽ ഏജൻസി നടത്തുന്ന സാജിദിനെയാണ് താമരശ്ശേരി പോലീസ് റെയ്ഡിലൂടെ മോചിപ്പിച്ചത്. സംഭവത്തിൽ ലഹരി സംഘത്തിൽപ്പെട്ട 'അപ്പാപ്പൻ' എന്ന ഷിഹാബ് (40), 'ആക്കോയി' എന്ന അശ്വിൻ (25) എന്നിവരെ പോലീസ് പിടികൂടി.
ഈ മാസം മൂന്നിനാണ് താമരശ്ശേരി കേന്ദ്രീകരിച്ചുള്ള പ്രതികൾ ഉൾപ്പെട്ട ലഹരിസംഘം എം.ഡി.എം.എ വാങ്ങുന്നതിനായി ബംഗളൂരുവിൽ എത്തുന്നത്. സാജിദ് മുഖേന ബംഗളൂരുവിലെ ലഹരി വിൽപനക്കാരെ ബന്ധപ്പെട്ട സംഘം എം.ഡി.എം.എ വാങ്ങുന്നതിനായി ഒന്നര ലക്ഷം രൂപ സാജിദിന്റെ റൂമിൽവെച്ച് ഇയാളുടെ സുഹൃത്തിന് നൽകിയിരുന്നതായും പണം നൽകിയിട്ടും ലഹരിമരുന്ന് കിട്ടാതായതിനെ തുടർന്ന് സംഘം സാജിദിനെ നയത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുവരുകയും തുടർന്ന് നാലുദിവസമായി ഓമശ്ശേരിക്ക് അടുത്ത മുടൂർ സ്വദേശി ശിഹാബിന്റെ വാടക വീട്ടിൽ എത്തിച്ച് അവിടെ പൂട്ടിയിടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പണമോ അല്ലെങ്കിൽ എം.ഡി.എം.എയോ നൽകണമെന്ന് പറഞ്ഞ് സംഘം ഇയാളെ മർദിച്ചും ഭക്ഷണം കൊടുക്കാതെയും തടങ്കലിൽ പാർപ്പിക്കുകയായിരുന്നു. ഷിഹാബിനെ കഴിഞ്ഞ വർഷം മൂന്ന് ഗ്രാം എം.ഡി.എം.എയുമായി വയനാട് പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ്. ഇയാളുടെ സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശിഹാബിന്റെ വീട്ടിൽ ഒരാളെ പൂട്ടിയിട്ടതായി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ഡിവൈ.എസ്.പി കെ. വിനോദ് കുമാറിന്റെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും താമരശ്ശേരി പൊലീസും നടത്തിയ പരിശോധനയിലാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.സാജിദിന്റെ പരാതി പ്രകാരം പിടിയിലായ ശിഹാബിന്റെയും അശ്വിന്റെയും പേരിൽ വധശ്രമത്തിനും തട്ടിക്കൊണ്ടുപോയി മർദിക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പൊലീസ് പറഞ്ഞു.
Police rescue youth held captive by drug gang in Thamarassery
































