---
title: "'പ്രതീക്ഷകൾ ബാക്കിവെച്ച് മടക്കം, 1983-ൽ തുടങ്ങിയ ആ വേദന സിനിമയ്ക്ക് വേണ്ടി അദ്ദേഹം മറന്നു'; സന്തോഷ് നായരുടെ വാക്കുകൾ നൊമ്പരമാകുന്നു"
english_title: "Actor Santosh Nair's death, interviews go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357397/actor-santosh-nairs-death-interviews-go-viral-new"
published_at: "2026-05-05T11:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f980fa6ef2a_nayar.jpg"
keywords: []
---

# 'പ്രതീക്ഷകൾ ബാക്കിവെച്ച് മടക്കം, 1983-ൽ തുടങ്ങിയ ആ വേദന സിനിമയ്ക്ക് വേണ്ടി അദ്ദേഹം മറന്നു'; സന്തോഷ് നായരുടെ വാക്കുകൾ നൊമ്പരമാകുന്നു

> **Lead Summary:** **** അപ്രതീക്ഷിതമായി വിടപറഞ്ഞ സംവിധായകൻ സന്തോഷ് നായരുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടുകളും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവും ഇന്ന് സിനിമാപ്രേമികൾക്കിടയിൽ നൊമ്പരമാവുകയാണ്. സിനിമയ്ക്കായി തന്റെ ശരീരം പോലും മറന്ന് പ്രവർത്തിച്ച അദ്ദേഹം, മുൻപ് ഒരു അഭിമുഖത്തിൽ പങ്കുവെച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു.

## Article Content

**** അപ്രതീക്ഷിതമായി വിടപറഞ്ഞ സംവിധായകൻ സന്തോഷ് നായരുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടുകളും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവും ഇന്ന് സിനിമാപ്രേമികൾക്കിടയിൽ നൊമ്പരമാവുകയാണ്. സിനിമയ്ക്കായി തന്റെ ശരീരം പോലും മറന്ന് പ്രവർത്തിച്ച അദ്ദേഹം, മുൻപ് ഒരു അഭിമുഖത്തിൽ പങ്കുവെച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു.

സിനിമയിലെ സാഹസിക രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ തനിക്ക് ഒട്ടും ഭയമില്ലായിരുന്നുവെന്നും, വർഷങ്ങളോളം കടുത്ത ശാരീരിക വേദനകൾ അവഗണിച്ചാണ് താൻ സിനിമയിൽ തുടർന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

1983-ൽ 'ഓമനിക്കാൻ ഓർമ വെക്കാൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഉണ്ടായ പരുക്കിനെക്കുറിച്ചും ആ വേദനയുമായി വർഷങ്ങളോളം സിനിമയിൽ തുടർന്നതിനെക്കുറിച്ചും അദ്ദേഹം മൂവി വേൾഡിനു നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നു. സിനിമയിലെ തന്റെ തിരിച്ചുവരവിനെക്കുറിച്ചും പുതിയ പ്രതീക്ഷകളെക്കുറിച്ചും വാചാലനായ സന്തോഷ് നായർ, ദിവസങ്ങൾക്ക് ശേഷം ഓർമയാകുമ്പോൾ ആ വാക്കുകൾ മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടത്തിന്റെ ഓർമപ്പെടുത്തലാവുകയാണ്.

‘‘ഓമനിക്കാന്‍ ഓര്‍മ്മ വയ്ക്കാന്‍ എന്ന ചിത്രത്തിനിടെ കാലിന് ഒരപകടം സംഭവിച്ചു. 1983 ലായിരുന്നു. അന്ന് ഫൈറ്റിനിടെ വീണപ്പോള്‍ സ്ലിപ്പായി. അവിടെ വച്ചൊരാള്‍ സെറ്റാക്കി തന്നത് അതുപോലെയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് അതൊന്ന് ഷെയ്ക്കായി ഇളകിയത്. ഇത്രയും കൊല്ലം ഇതുവച്ച് തന്നെയാണ് ചെയ്തത്. ഓടാന്‍ പറഞ്ഞാല്‍ ഓടും. ചാടാന്‍ പറഞ്ഞാല്‍ ചാടും.

ഇതിനിടയിൽ കാല് ഇളകിയാല്‍ പിടിച്ചിടും. എല്ലാം ഇത് വച്ച് തന്നെയാണ് ചെയ്യുന്നത്. നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞാല്‍ നോ പറയില്ല. ഞങ്ങളുടെ ടൈമില്‍ വന്നവരെല്ലാം ഇങ്ങനെയാണ്. കൈ പൊള്ളിയാല്‍ അയ്യോ എന്ന് വയ്ക്കാം, അത് റൂമില്‍ ചെന്ന് മാത്രം. നമ്മളെ ഒരാള്‍ സിനിമയ്ക്കായി വിളിക്കുന്നു, ഇത്ര രൂപ വേണമെന്ന് പറയുന്നു. അത് അവര്‍ തരാമെന്ന് പറയുന്നു. പിന്നെ അവര്‍ ചോദിക്കുന്ന പ്രൊഡക്ട്, അല്ലെങ്കില്‍ അവര്‍ ആവശ്യപ്പെടുന്നത് കൊടുക്കുക എന്നുള്ളത് എന്റെ ഉത്തരവാദിത്തമാണ്. വെള്ളത്തിൽ ചാടാൻ പറഞ്ഞാൽ ചാടും.

ഫൈറ്റ് ചെയ്യുന്ന എല്ലാവര്‍ക്കും കൈക്കും കാലിനും പരിക്കൊക്കെയുണ്ടാവും. ‘സൈന്യം’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ അയ്യോ, ഇവിടെങ്ങനെ ചാടും എന്ന് ഹാജ ചോദിച്ചിരുന്നു. ചാടുന്നവരൊക്കെയുണ്ട്. ചാടുന്ന ഒരുത്തനെ കാണിച്ച് തരാമെന്ന് ജോഷിയേട്ടന്‍ പറഞ്ഞു. കയ്യില്‍ തോക്കൊക്കെയുണ്ട്. ഒരാളെയും കൊണ്ട് വേണം വെള്ളത്തില്‍ ചാടാന്‍. എടാ, ഇത് ചെയ്തൂടേ എന്ന് ജോഷിയേട്ടൻ ചോദിച്ചപ്പോള്‍ ചെയ്യാം എന്നായിരുന്നു എന്റെ മറുപടി. നിങ്ങളെന്തോന്ന് കാണിക്കുന്നതെന്നായിരുന്നു ഹാജയുടെ ചോദ്യം. വെള്ളത്തിലല്ലേ ചാടുന്നതെന്നായിരുന്നു എന്റെ മറുപടി. ഇനി പാറയുടെ പുറത്താണെങ്കിലും ചാടും.

കാലിന്റെ വേദന വന്ന നിമിഷത്തെ ഞാന്‍ ഇതുവരെ പഴിച്ചിട്ടില്ല. അതൊക്കെ കൊണ്ടല്ലേ ഇവിടെ വരെ എത്തിയത്. ആ വേദനയ്ക്ക് ഇന്നൊരു സുഖമുണ്ട്. ഷൂട്ടിങ് എളുപ്പമാണെന്നാണ് പുറമെയുള്ളവര്‍ പറയുക. എന്റെ സുഹൃത്തുക്കള്‍ പോലും ഒരു പ്രാവശ്യമേ ലൊക്കേഷനിലേക്ക് വന്നിട്ടുള്ളൂ. കുറച്ചുനേരം നിന്നിട്ട് അവര്‍ പോയ്ക്കളയും. വീണ്ടും ടേക്ക് എടുക്കുന്നതൊക്കെ അവര്‍ക്ക് ബോറിങ് ആണ്.

നമ്മള്‍ അത് എന്‍ജോയ് ചെയ്യുകയാണ്. ഫൈറ്റിലാണെങ്കില്‍ അഞ്ചോ പത്തോ, പ്രാവശ്യം വീഴേണ്ടിയൊക്കെ വരും. ഇന്നാണെങ്കില്‍ അപ്പുറത്തൊരാളുണ്ടെങ്കില്‍ എറേസ് ചെയ്യാമെന്ന് പറയും. അന്നങ്ങനെയല്ല, റീടേക്കേയുള്ളൂ. കടലിലൊക്കെ ചാടുന്നത് കാണുമ്പോള്‍ ‘എടാ, നിനക്ക് നീന്തലറിയില്ലല്ലോ, നീയിതെങ്ങനെ കടലിലൊക്കെ ചാടുന്നു’ എന്ന് വിജയരാഘവന്‍ എന്നോട് ചോദിക്കാറുണ്ട്. വെള്ളത്തില്‍ വീണാൽ എടുത്ത് വെളിയിലിടില്ലേ, പിന്നെന്താണ് എന്നാണ് ഞാന്‍ ചോദിക്കാറുള്ളത്.

ഞാന്‍ മരിച്ച് പോവണമെങ്കില്‍ എന്റെ ആയുസ് തീര്‍ന്നിരിക്കണം. അതിനിപ്പോള്‍ ഞാന്‍ വീട്ടിനകത്ത് ഇരുന്നാലും മതി. ഒരു ഫാന്‍ പൊട്ടി വീണാലും പോരേ. സമയം അവസാനിക്കണമെങ്കില്‍ അതായാലും പോരേ. അപ്പോള്‍ ഒരു പ്രവര്‍ത്തി ചെയ്‌തോണ്ടിരിക്കുമ്പോള്‍ ആയാലെന്താ പ്രശ്‌നം.

നോ എന്നൊരു കാര്യം ഇന്നുവരെ പറഞ്ഞിട്ടില്ല. ഒരാള്‍ വന്ന് ഒരു കാര്യം ആവശ്യപ്പെട്ടാല്‍ നോ പറയാറില്ല. എന്നെക്കൊണ്ട് പറ്റുന്നതിന്റെ മാക്‌സിമം ഞാന്‍ ചെയ്തുകൊടുക്കാം. നോ പറയില്ല. അതുകൊണ്ടാണ് ഇത് ചെയ്തൂടേയെന്ന് ചോദിക്കുമ്പോള്‍ ചെയ്യാം എന്ന് മറുപടി കൊടുക്കുന്നത്.’’ സന്തോഷ് നായരുടെ വാക്കുകൾ.

ഇന്ന് രാവിലെ എംസി റോഡിൽ ആറരയോടെ അടൂർ ഏനാത്ത് ആയിരുന്നു അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവയാണ് മരണം സംഭവിച്ചത്.

കാറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മി, പാർസൽ ലോറി ഡ്രൈവർ സുധീഷ് എന്നിവർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നൂറിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹിനിയാട്ടം ആയിരുന്നു അവസാന സിനിമ.

### Related Links & Sources
- [Original Story Source](https://moviemax.in/news/357397/actor-santosh-nairs-death-interviews-go-viral-new)