കൊച്ചി:(https://truevisionnews.com/) നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആലപ്പുഴ സ്വദേശിയെ ആറ് മാസത്തേക്ക് നാടുകടത്തി. കാപ്പ നിയമപ്രകാരമാണ് നടപടി. ആലപ്പുഴ എഴുപുന്ന നീണ്ടകര സ്വദേശി റോജൻ പോളിനെയാണ് (43) കൊച്ചി സിറ്റി പരിധിയിൽ നിന്ന് പുറത്താക്കിയത്.
കൊച്ചി സിറ്റിയിലെ കണ്ണമാലി, തോപ്പുംപടി, ഫോർട്ടുകൊച്ചി, പള്ളൂരുത്തി തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ക്രമസമാധാന പാലനത്തിന്റെ ഭാഗമായാണ് സിറ്റി പൊലീസ് ഇയാൾക്കെതിരെ നാടുകടത്തൽ നടപടി സ്വീകരിച്ചത്.
പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണിയായതിനാലാണ് റോജൻ പോളിനെതിരെ കാപ്പ ചുമത്തിയതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ ഉത്തരവ് പ്രകാരമാണ് ഇയാളെ നാടുകടത്തിയത്. ആലപ്പുഴ സ്വദേശിയാണെങ്കിലും വർഷങ്ങളായി ഇയാൾ കൊച്ചിയിലാണ് താമസിച്ചിരുന്നത്.
നാടുകടത്തിയ ആറ് മാസക്കാലം കൊച്ചി സിറ്റി പോലീസിന്റെ പരിധിയിൽ പ്രവേശിക്കാനോ ഏതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ ഇയാൾക്ക് അനുവാദമില്ല. ഈ ഉത്തരവ് ലംഘിച്ചാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടി തുടരുമെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു.
'Rojan Kali' is no longer practiced in Kochi; Kappa was imposed and he was expelled from Kochi for six months
































