തൃശൂർ: (truevisionnews.com) തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തിയത് വലിയ ഭീതി പരത്തി. പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ മൃതദേഹം വീട്ടിലെത്തിച്ച സമയത്താണ് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻ കുഞ്ഞിനെ വീടിനുള്ളിൽ കണ്ടത്.
ഉടൻ തന്നെ നാട്ടുകാർ ഇതിനെ തല്ലിക്കൊന്നു. ഇതേ ഇനത്തിൽപ്പെട്ട പാമ്പിന്റെ കടിയേറ്റാണ് ആൽജോ മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റതാകാം എന്ന പോലീസ് റിപ്പോർട്ട് തള്ളിയാണ് തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ മരണകാരണം പാമ്പുകടിയാണെന്ന് വ്യക്തമാക്കിയത്.
വനത്തോടു ചേർന്നതും റബർ മരങ്ങൾക്കിടയിലുള്ളതുമായ ഈ ഒറ്റനില വീട്ടിൽ വള്ളിപ്പടർപ്പുകളും വിറകുകെട്ടുകളും പാമ്പ് കയറാൻ കാരണമായിട്ടുണ്ടാകാം എന്ന് വനം വകുപ്പും വിലയിരുത്തുന്നു.
അതേസമയം, ആൽജോയുടെ സഹോദരൻ അനോജിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. നിലവിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലുള്ള അനോജിന്റെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാർ.
ഇന്നലെ പുലർച്ചെ കിടപ്പുമുറിയിൽ വെച്ചാണ് ഇരുവർക്കും കടിയേറ്റത്. വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടപ്പോൾ ആദ്യം ഭക്ഷണത്തിന്റെ പ്രശ്നമാണെന്ന് കരുതിയെങ്കിലും വായിൽ നിന്ന് നുരയും പതയും വന്നതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്.
അപ്പോഴേക്കും ആൽജോയുടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ സംസ്‌കാര ചടങ്ങുകൾ വൈകുന്നേരം മൂന്ന് മണിക്ക് തൃശൂർ കൊടുങ്ങപള്ളിയിൽ നടക്കും. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാർ കൊന്ന പാമ്പിനെ പരിശോധനയ്ക്കായി കൊണ്ടുപോയി.
When the body of a child who died of a snakebite was brought home, the snake appeared again
































