Apr 18, 2026 07:20 PM

കല്‍പ്പറ്റ: ( www.truevisionnews.com ) വയനാട് ടൗണ്‍ഷിപ്പിൽ വിള്ളല്‍ ഉണ്ടായെന്ന് ആരോപണം ഉയര്‍ന്ന വീട്ടില്‍ പരിശോധന നടത്തിയ റവന്യൂ വകുപ്പ് മന്ത്രി കെ രാജനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റെ ഒ ജെ ജനീഷ്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും മന്ത്രിക്ക് മാനസിക തകരാര്‍ സംഭവിച്ചോ എന്നായിരുന്നു ജനീഷിന്റെ പരിഹാസം.

മന്ത്രി മായ്ച്ചു കളഞ്ഞാല്‍ പോകുന്നതല്ല വിള്ളല്‍. ഭൂകമ്പത്തെ പോലും പ്രതിരോധിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ അവകാശവാദമെന്നും ജനീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതീകാത്മക കുടിൽ കെട്ടി സമരം നടത്തിയിരുന്നു. ഇതിനിടെയായിരുന്നു മന്ത്രി രാജനെ ജനീഷ് പരിഹസിച്ചത്.

'ഈ മന്ത്രിക്ക് എന്താ വയ്യേ?. എന്തെങ്കിലും തകരാര്‍ ഉണ്ടാ?. ഈ കടുത്ത വേനലില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് എന്തെങ്കിലും മാനസിക തകരാര്‍ സംഭവിച്ചോ?. മന്ത്രി മായ്ച്ചുകളഞ്ഞാല്‍ ഇല്ലാതാകുന്നതാണോ വിള്ളല്‍?. ഇത് ഭൂകമ്പത്തെ പോലും പ്രതിരോധിക്കും എന്ന് അവകാശപ്പെട്ട് ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനമല്ലേ?', എന്നാണ് ജനീഷ് പറഞ്ഞത്.

ദുരന്തബാധിതരെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായ ഭവനങ്ങളില്‍ കിടന്നുറങ്ങാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും ജനീഷ് പറഞ്ഞു. ഭയാശങ്കയോടെ ജീവിക്കേണ്ട സാഹചര്യം ഉണ്ടാകരുത്. സുരക്ഷിതമായ ഭവനം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ അതിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നാണ് അറിയിച്ചിരുന്നത്.

എന്നാല്‍ ഉദ്ഘാടന ചടങ്ങ് സര്‍ക്കാര്‍ പൂര്‍ണമായും രാഷ്ട്രീയവത്ക്കരിച്ചു. മന്ത്രി രാജന്‍ പോലും അന്ന് പ്രസംഗിച്ചത് രാഷ്ട്രീയമായിരുന്നു. തെരഞ്ഞെടുപ്പില്‍ ദുരന്തത്തെ രാഷ്ട്രീയമായി മുതലെടുത്തുവെന്നും ജനീഷ് പറഞ്ഞു. 

ഇന്ന് മന്ത്രി കെ രാജന്റെ നേതൃത്വത്തിലുള്ള സംഘം വിള്ളല്‍ ഉണ്ടായെന്ന് ആരോപണം ഉയര്‍ന്ന വീട്ടില്‍ എത്തി പരിശോധന നടത്തിയിരുന്നു.

OJ Janeesh criticises government over crack in Wayanad township

Next TV

Top Stories










News Roundup