തിരുവനന്തപുരം: ( www.truevisionnews.com ) രാഷ്ട്രീയപാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞ സംഭവത്തിൽ കൂടുതൽ നടപടിയെടുത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു ഖേൽക്കർ. ഡെപ്യൂട്ടി സി.ഇ.ഒ, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കി. പിന്നാലെ അവരുടെ മാതൃ ഓഫീസുകളിലേക്ക് തിരിച്ചയച്ച് ഉത്തരവിറക്കി.
സംഭവത്തിൽ 48 മണിക്കൂറിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ സിഇഒ പി ബി നൂഹ് ഐ എ എസിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. നേരത്തെ മെയില്‍ അയച്ച അസിസ്റ്റന്റ് സെക്ഷന്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രത്തൻ ഖേൽക്കർ തന്നെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തിലായിരുന്നു ബിജെപിയുടെ സീല്‍ പതിഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിച്ചത്. ഈ മാസം 22 ന് ഉച്ചയോടെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയില്‍ സന്ദേശം സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. 2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലായിരുന്നു ബിജെപി കേരള ഘടകത്തിന്റെ സീല്‍ ഉള്‍പ്പെട്ടത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ക്ക് ഈ കത്ത് ലഭിച്ചിരുന്നു.
2019 തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയില്‍. 2019ല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ കത്തായിരുന്നു ഇതിനൊപ്പം ഉണ്ടായിരുന്നത്. കത്തിന്റെ അടിഭാഗത്തായാണ് ബിജെപിയുടെ സീല്‍ പതിച്ചിരിക്കുന്നത്. സംഭവം വിവാദമാതോടെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നും കത്തില്‍ സീല്‍ ഉണ്ടായിരുന്നത് ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. പിന്നീട് ഇത് തിരുത്തിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു. ബിജെപി സീല്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ സിപിഐഎമ്മും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
BJP seals Election Commission's letter Election Commission exempts officials from responsibilities
































