---
title: "'നിയമപരമായി കുറ്റകരവും അങ്ങേയറ്റം ലജ്ജാകരവും'; തന്‍റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തക്കെതിരെ ആസിഫ് അലി"
english_title: "Asif Ali against fake news spread in his name"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349949/asif-ali-against-fake-news-spread-in-his-name"
published_at: "2026-03-27T08:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c5f7ab39af2_asif_ali.jpg"
keywords: []
---

# 'നിയമപരമായി കുറ്റകരവും അങ്ങേയറ്റം ലജ്ജാകരവും'; തന്‍റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തക്കെതിരെ ആസിഫ് അലി

> **Lead Summary:** **സ**മൂഹ മാധ്യമങ്ങളിൽ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തക്കെതിരെ നടൻ ആസിഫ് അലി. വർഗീയ പരാമർശമുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി ആസിഫ് അലി രംഗത്തെത്തി. പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് ഫേസ്ബുക്കിൽ പങ്കുവെച്ചാണ് ആസിഫ് തന്‍റെ പ്രതിഷേധം അറിയിച്ചത്.

## Article Content

**സ**മൂഹ മാധ്യമങ്ങളിൽ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തക്കെതിരെ നടൻ ആസിഫ് അലി. വർഗീയ പരാമർശമുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി ആസിഫ് അലി രംഗത്തെത്തി. പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് ഫേസ്ബുക്കിൽ പങ്കുവെച്ചാണ് ആസിഫ് തന്‍റെ പ്രതിഷേധം അറിയിച്ചത്.

'ഇത്തവണ കൂടി യു.ഡി.എഫ് അധികാരത്തിൽ വന്നില്ലെങ്കിൽ മുസ്ലിം ലീഗ് ഇല്ലാതാകുമെന്നും, സംഘപരിവാർ എന്താണ് മുസ്ലിംകളോട് ചെയ്തതെന്ന് തന്‍റെ ബി.ടെക് എന്ന സിനിമയിൽ കാണിക്കുന്നുണ്ടെന്നും' ആസിഫ് അലി പറഞ്ഞതായാണ് പ്രചാരണം. മട്ടാഞ്ചേരി കള്ളപ്പണ മാഫിയ പടങ്ങളിൽ അഭിനയിക്കുന്ന സുഡാപ്പിയെന്ന് ആക്ഷേപിച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.

കെ. പി. അജയകുമാർ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ വന്ന പോസ്റ്റിന്‍റെ സ്ക്രീൻഷോട്ടും ആസിഫ് പങ്കുവെച്ചു. തെറ്റായ അഭിപ്രായങ്ങൾ പ്രചരിപ്പിക്കാൻ, അത് മറ്റൊരാളുടെ പേരിൽ കെട്ടിവെക്കുന്നത് നിയമപരമായി കുറ്റകരവും അങ്ങേയറ്റം ലജ്ജാകരവുമാണ് എന്ന് സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ആസിഫ് എഴുതി. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസ് കൊടുക്കണമെന്നാണ് നടന്‍റെ പോസ്റ്റിന് പലരും കമന്‍റ് ചെയ്യുന്നത്.

അതേസമയം, പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന രമേഷ് പിഷാരടിയെ ആസിഫ് പിന്തുണച്ചിരുന്നു. രമേഷ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് പോകുമെന്നും പിഷാരടിയുടെ കഴിവുകളിൽ വിശ്വാസമുണ്ടെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യത്തിന് വ്യക്തമായ രാഷ്ട്രീയ പശ്ചാത്തലം തനിക്കുണ്ടെന്നും എന്നാൽ സ്ഥാനാർഥിയാകാൻ താത്പര്യമില്ലെന്നും സ്വപ്നങ്ങളെല്ലാം സിനിമയിലാണെന്നും നടൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/349949/asif-ali-against-fake-news-spread-in-his-name)