---
title: "നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു"
english_title: "Actor and director EA Rajendran passes away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349731/actor-and-director-ea-rajendran-passes-away"
published_at: "2026-03-26T07:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c490d704fa5_zg.jpg"
keywords: []
---

# നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു

> **Lead Summary:** നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. നടന്‍ മുകേഷിന്റെ സഹോദരി സന്ധ്യയുടെ ഭര്‍ത്താവാണ്. സംസ്‌കാരം നാളെ തൃശൂര്‍ തൃത്തല്ലൂരില്‍ നടക്കും.

## Article Content

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. നടന്‍ മുകേഷിന്റെ സഹോദരി സന്ധ്യയുടെ ഭര്‍ത്താവാണ്. സംസ്‌കാരം നാളെ തൃശൂര്‍ തൃത്തല്ലൂരില്‍ നടക്കും.

കളിയാട്ടം, പട്ടാഭിഷേകം, നരസിംഹം, തച്ചിലേടത്ത് ചുണ്ടന്‍, മീശമാധവന്‍ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചു. നാടക കലാകാരന്‍ കൂടിയായ അദ്ദേഹം കാരക്ടര്‍ റോളുകളിലും വില്ലന്‍ റോളുകളിലും തിളങ്ങി. 

തൃശൂര്‍ തൃത്തല്ലൂരില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനായി ജനിച്ചു. തൃത്തല്ലൂര്‍ യുപി സ്‌കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ നാടകരംഗത്ത് സജീവമായിരുന്നു. കലാലയപഠനത്തിനു ശേഷം ഡല്‍ഹിയിലെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന രാജേന്ദ്രന്‍, ഒന്നാം റാങ്കോടെ ബിരുദം നേടി. ഇതിനു ശേഷം പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെലിവിഷന്‍ കോഴ്‌സും പഠിച്ചിട്ടുണ്ട്.

പൂനെയിലെ പഠനശേഷം നാട്ടിലെത്തിയപ്പോഴാണ് ഒ. മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ രാജേന്ദ്രന്‍ പരിചയപ്പെടുന്നതും, ഇരുവരും വിവാഹിതരാകുന്നതും. അക്കാലത്ത് സന്ധ്യ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിയായിരുന്നു. വിവാഹശേഷം കൊല്ലത്തെത്തിയ രാജേന്ദ്രന്‍ ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം നാടകസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/349731/actor-and-director-ea-rajendran-passes-away)