---
title: "'അന്ന് താമസം കക്കൂസിന് അരികിലെ ഷെഡിൽ, കൂട്ടിന് പട്ടിണിയും പരിഹാസവും മാത്രം'; ഉള്ളുലയ്ക്കുന്ന ഓർമ്മകളുമായി അഖിൽ മാരാർ!"
english_title: "Akhil Marar with heart-wrenching memories"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349368/akhil-marar-with-heart-wrenching-memories"
published_at: "2026-03-24T09:44:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c20fe4629cc_4.jpg"
keywords: []
---

# 'അന്ന് താമസം കക്കൂസിന് അരികിലെ ഷെഡിൽ, കൂട്ടിന് പട്ടിണിയും പരിഹാസവും മാത്രം'; ഉള്ളുലയ്ക്കുന്ന ഓർമ്മകളുമായി അഖിൽ മാരാർ!

> **Lead Summary:** **[** സിനിമയുടെയും പ്രശസ്തിയുടെയും ഗ്ലാമർ ലോകത്തെത്തും മുൻപ് താൻ അനുഭവിച്ച കഠിനമായ ദാരിദ്യത്തെയും പോരാട്ടങ്ങളെയും കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ.

## Article Content

**[** സിനിമയുടെയും പ്രശസ്തിയുടെയും ഗ്ലാമർ ലോകത്തെത്തും മുൻപ് താൻ അനുഭവിച്ച കഠിനമായ ദാരിദ്യത്തെയും പോരാട്ടങ്ങളെയും കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ.

തൃക്കാക്കര മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പ് ഗോദയിൽ സജീവമായ അഖിൽ, തന്റെ ഭൂതകാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ഫേസ്ബുക്കിലാണ് കുറിപ്പ് പങ്കുവെച്ചത്. ഇന്ന് കാണുന്ന ആഡംബര വാഹനങ്ങൾക്കും ഫ്ലാറ്റിനും പിന്നിൽ ആരെയും ചതിച്ചുണ്ടാക്കിയ സമ്പാദ്യമല്ലെന്നും, മറിച്ച് സ്വന്തം കഴിവും കഷ്ടപ്പാടും മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തന്നെ ആട്ടിയോടിച്ച സമൂഹത്തിന് മുന്നിൽ തലയുയർത്തി നിൽക്കാൻ സാധിച്ചത് പോരാട്ടവീര്യം കൊണ്ടാണെന്ന് പറയുന്ന അഖിൽ, പുതിയ അഖിൽ മാരാറെ മാത്രം അറിയുന്നവർക്കായാണ് തന്റെ പഴയ 'കൊട്ടാരത്തിന്റെ' ചിത്രം പുറത്തുവിട്ടത്.

സിനിമ സംവിധായകനാകുന്നതിന് തൊട്ടുമുൻപ് വരെ വീടിന് പുറത്തെ കക്കൂസിനോട് ചേർന്ന ചെറിയൊരു ഷെഡിലായിരുന്നു തന്റെ താമസമെന്ന് അഖിൽ വെളിപ്പെടുത്തുന്നു. 800 സ്ക്വയർ ഫീറ്റ് മാത്രമുള്ള വീട്ടിൽ അച്ഛനും അമ്മയും അനുജന്റെ കുടുംബവും അടക്കം എല്ലാവർക്കും താമസിക്കാൻ സൗകര്യമില്ലാതിരുന്നതിനാലാണ് താൻ ആ ഷെഡിലേക്ക് മാറിയത്.

ലക്ഷ്യങ്ങൾക്ക് പിന്നാലെ പാഞ്ഞപ്പോൾ ഉണ്ടായ കുടുംബപ്രശ്നങ്ങൾ കാരണം ഭാര്യവീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്ന കാലത്തെക്കുറിച്ചും അദ്ദേഹം കുറിപ്പിൽ ഓർക്കുന്നുണ്ട്. തന്റെ ആദ്യ സിനിമ പരാജയപ്പെട്ടപ്പോൾ പരിഹസിച്ചവർക്ക്, ആ ഷെഡിൽ നിന്നും സിനിമയിലേക്കെത്താൻ താൻ നടത്തിയ അതിജീവനത്തിന്റെ ആഴം അറിയില്ലെന്നും അഖിൽ കുറിച്ചു.

ബിഗ് ബോസിലെ വിജയവും തന്റെ നന്മ തിരിച്ചറിഞ്ഞ പ്രേക്ഷകർ നൽകിയതാണെന്നും തന്നെ നയിക്കുന്നത് ഒരു ദൈവീക ശക്തിയാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. കഷ്ടപ്പെടുന്നവന്റെ വേദനയും നിലനിൽപ്പിനായുള്ള പോരാട്ടവും നേരിട്ട് ബോധ്യമുള്ള തനിക്ക്, ജനങ്ങളെ മനസ്സിലാക്കാൻ മറ്റാരേക്കാളും സാധിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് അഖിൽ മാരാർ ഇത്തവണ വോട്ട് ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/349368/akhil-marar-with-heart-wrenching-memories)