കാസർകോട് : ( www.truevisionnews.com ) വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യർ മത്സരിക്കും. മണ്ഡലത്തിൽ ഉടൻ തന്നെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കെപിസിസി നേതൃത്വം സന്ദീപിന് നിർദ്ദേശം നൽകി. സന്ദീപ് വാര്യരുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കാസർകോട് ഡിസിസിയിൽ ആദ്യഘട്ടത്തിൽ ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു. സന്ദീപിനെ പരിഗണിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, കെപിസിസി ഉന്നത നേതൃത്വം നേരിട്ട് ഇടപെട്ട് ചർച്ചകൾ നടത്തിയതോടെ ജില്ലാ നേതൃത്വത്തിലെ എതിർപ്പുകൾ അയഞ്ഞതായാണ് വിവരം.
കാസർകോട്ടെ കോൺഗ്രസ് നേതാക്കൾ ഇന്നലെ അടിയന്തര യോഗം ചേർന്നു. ഡി സി സി പ്രസിഡന്റ് പി കെ ഫൈസലിനൊപ്പം ബാലകൃഷ്ണൻ പെരിയ, കെ പി സി സി ജനറൽ സെക്രട്ടറിമാരായ ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സന്ദീപിന്റെ സ്ഥാനാർത്ഥിത്വത്തെ എതിർക്കുന്നതുമായി ബന്ധപ്പെട്ട തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര യോഗം ചേരാനിരിക്കെയാണ് എതിർപ്പിൽ നിന്നും നേതാക്കൾ പിന്നോട്ട് പോയത്. ഇന്ന് രാവിലെ 10.30 ന് യോഗം ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് യോഗം ഒഴിവാക്കി. ഡിസിസി അധ്യക്ഷനുമായി സന്ദീപ് വാര്യരും സംസാരിച്ചതായാണ് വിവരം.
ജില്ലയിൽ നിന്നുള്ള നേതാക്കളെ തന്നെ തൃക്കരിപ്പൂരിൽ മത്സരിപ്പിക്കണമെന്ന് ഡിസിസി നേരത്തെ തന്നെ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും, പുറത്തുനിന്നുള്ള സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കുന്നത് പ്രാദേശിക തലത്തിൽ പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുമെന്നാണ് ഡിസിസിയുടെ മുന്നറിയിപ്പ്.
Sandeep Warrier himself in Thrikaripur; Opposition eased, discussions held with DCC president































