തിരുവനന്തപുരം:( www.truevisionnews.com ) എൽപിജി ക്ഷാമത്തിനിടെ തിരുവനന്തപുരം ചാലയിൽ ഗ്യാസ് മോഷണം. ആര്യശാലയിലെ വി എസ് ഹോട്ടലിൽ ഇന്ന് പുലർച്ചെ ആയിരുന്നു കവർച്ച. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പോർട്ട് പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
വെള്ള നിറത്തിലുള്ള ചാക്കുമായി എത്തിയ മോഷ്ടാവ് ഹോട്ടലിലെത്തി ആദ്യം ഫ്യൂസ് ഊരി. ശേഷം ചാക്കുകൊണ്ട് തലമറച്ച് കയ്യിലുണ്ടായിരുന്ന ടോർച്ചുമായി ഹോട്ടലിനകമെല്ലാം പരിശോധിച്ചു. പിന്നാലെ അടുക്കളയിൽ കയറി ഗ്യാസ് കുറ്റി എടുത്ത് കൊണ്ടുപോകുന്നതാണ് ദൃശ്യത്തിലുള്ളത്.
അതേസമയം, ഗാർഹിക പാചക വാതക വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. പ്രതിസന്ധി മറികടക്കാൻ ഇടപെടേണ്ടത് കേന്ദ്രമാണ്. സുരേഷ് ഗോപി ഉൾപ്പടെയുള്ളവർ കണ്ണു തുറക്കണമെന്നും ജി.ആർ. അനിൽ പറഞ്ഞു. പാചകവാതക ക്ഷാമം രൂക്ഷമായതോടെ കൊച്ചിയിൽ ഇതുവരെ 2500ഓളം ഹോട്ടലുകളാണ് പൂട്ടിയത്.
എൽപിജി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ പാചകത്തിന് ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കണം. സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകുമെന്നും കേന്ദ്രം സർക്കാർ അറിയിച്ചു. നിലവിൽ ഗ്രാമീണമേഖലയിൽ സിലിൻഡർ ബുക്കിങ്ങിനുള്ള ഇടവേള 25ൽ നിന്ന് 45 ദിവസമായി വർധിപ്പിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് അടച്ചത് പാചകവാതകത്തിന്റെ ആഭ്യന്തര വിതരണത്തെ ബാധിച്ചെന്നും രാജ്യം മുൻപെങ്ങും കാണാത്ത സാഹചര്യമാണിതെന്നുമാണ് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ രാജ്യത്തെവിടെയും എൽപിജി ലഭ്യത ഇല്ലാതായിട്ടില്ലെന്നും ബുക്കിങ് പലമടങ്ങ് വർധിച്ചത് പരിഭ്രാന്തിയെത്തുടർന്നാണെന്നുമാണ് മന്ത്രാലയം വിശദീകരിക്കുന്നത്.
Cylinder theft during cooking gas shortage; CCTV footage of robbery from Chala hotel released

































