തിരുവനന്തപുരം:( www.truevisionnews.com ) സംസ്ഥാന സർക്കാർ ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിന് പരിഹാരമായി പുതിയ 'അഷ്വേർഡ് പെൻഷൻ പദ്ധതി' നടപ്പിലാക്കിക്കൊണ്ട് പിണറായി സർക്കാർ ഉത്തരവിറക്കി.
ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്ന ഈ പദ്ധതി 2026 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. വിരമിക്കുന്ന സമയത്തുള്ള അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായിരിക്കും അഷ്വേർഡ് പെൻഷൻ സ്കീമിലൂടെ ലഭിക്കുന്ന പരമാവധി തുക.
ഈ വർഷം ഏപ്രിൽ ഒന്നിന് ശേഷം സർവീസിൽ പ്രവേശിക്കുന്നവർക്ക് പുതിയ പദ്ധതി ബാധകമായിരിക്കും. നിലവിൽ നാഷണൽ പെൻഷൻ സിസ്റ്റത്തിന്റെ ഭാഗമായ ജീവനക്കാർക്കും പുതിയ സ്കീമിലേക്ക് മാറാനുള്ള ഓപ്ഷൻ നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
ജീവനക്കാർക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുമെന്ന സർക്കാരിന്റെ ഉറപ്പാണ് ഇതിലൂടെ പാലിക്കപ്പെടുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പുതിയ പെൻഷൻ പരിഷ്കരണം സംസ്ഥാനത്തെ ലക്ഷക്കണക്കിന് ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Assured pension for government employees will become a reality on April 1; Government issues order
































