തിരുവനന്തപുരം: (https://truevisionnews.com/) സർക്കാർ ജീവനക്കാരുടെ സേവന-വേതന വിവരങ്ങൾ കൈകാര്യം ചെയ്യുന്ന 'സ്പാർക്ക്' സോഫ്റ്റ്‌വെയറിൽ നിന്ന് വിവരങ്ങൾ ചോർത്തി സന്ദേശങ്ങൾ അയച്ചെന്ന ആരോപണം തള്ളി സംസ്ഥാന സർക്കാർ. വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
മതിയായ തെളിവുകൾ ഇല്ലാതെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. വിവരചോർച്ചയ്ക്ക് സാങ്കേതിക തെളിവുകളോ രേഖകളുടെ പിൻബലമോ ഇല്ല. ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദേശം അയച്ചത് ഭരണഘടനാപരമാണ്. ബജറ്റിലെ ഉറപ്പ് നടപ്പാക്കിയെന്ന വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും സർക്കാർ വ്യക്തമാക്കി.
അയച്ച സന്ദേശങ്ങൾക്ക് രാഷ്ട്രീയ സ്വഭാവമില്ല. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയെന്ന ആക്ഷേപം ഹർജിക്കാരുടെ അനുമാനം മാത്രമാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പേരിലല്ല സന്ദേശം അയച്ചത്. സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലില്ലാത്ത സമയത്താണ് സന്ദേശം അയച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തി സ്വകാര്യത ലംഘിച്ചിട്ടില്ല. നിയമവിരുദ്ധമായി വിവരങ്ങൾ ശേഖരിച്ചെന്ന വാദം വസ്തുതാ വിരുദ്ധമാണ്.
മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാർക്ക് സന്ദേശമയച്ചത് ഭരണനിർവഹണത്തിന്റെ ഭാഗമാണ്. സർക്കാർ ജീവനക്കാർക്ക് നൽകുന്ന സേവനങ്ങളുടെ പ്രയോജനം അറിയിക്കുകയാണ് ചെയ്തത്. ഹർജിക്കാരുടെ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ല. സർക്കാരിന്റെ മാനവ വിഭവശേഷി വിവരങ്ങൾ ഉൾപ്പെടുന്ന സംരംഭമാണ് സ്പാർക്. ജീവനക്കാർക്ക് ക്ഷാമബത്ത നൽകുമെന്ന് മുഖ്യമന്ത്രി 2024 ജൂലൈ 10ന് നിയമസഭയെ അറിയിച്ചിരുന്നു.
ഇക്കാര്യത്തിൽ എടുത്ത തീരുമാനമാണ് വാട്സ് ആപ് സന്ദേശം വഴി അയച്ചത്. വാട്സ് ആപ് സന്ദേശത്തിലൂടെ തീരുമാനം അറിയിച്ചത് ജീവനക്കാരെ പ്രചോദിപ്പിക്കാനാണ്. സർക്കാർ ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയാണ് ചെയ്തത്. ഇത് സർക്കാരും ജീവനക്കാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ്. സർക്കാർ ജീവനക്കാർക്ക് സന്ദേശം അയച്ചത് സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണെന്നും സർക്കാർ വ്യക്തമാക്കി.
Spark data not leaked; State government explains in High Court




























