ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തി. അഞ്ച് വർഷം മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. സംഭവത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി.
ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായാണ് അഞ്ച് വർഷം മുമ്പ് ഉഷാ ജോസഫിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അന്നത്തെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികയുടെ നേതൃത്വത്തിലുള്ള യൂണിറ്റാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിട്ടുമാറാത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രികയുള്ള വിവരം പുറത്തുവന്നത്.
ശസ്ത്രക്രിയാ രേഖകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം കൃത്യമായ റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറാനാണ് മന്ത്രിയുടെ കർശന നിർദേശം. സംഭവത്തിൽ ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് റിപ്പോർട്ട് ലഭിച്ച ശേഷം വ്യക്തമാകും.
ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനായി കൊവിഡ് സമയത്താണ് ഉഷ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടര്‍ന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് 2021 മെയ് 5 ന് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനുള്ള ഓപ്പറേഷൻ നടത്തി. തുടര്‍ന്ന് രണ്ടുദിവസത്തിനുശേഷം ആശുപത്രിയിൽ നിന്ന് മടങ്ങി. ശസ്ത്രക്രിയക്കുശേഷം
കഠിനമായ വയറുവേദനയും മറ്റ് അസ്വസ്ഥതകളും തുടങ്ങി. വയറുവേദന അനുഭവപ്പെടുമ്പോള്‍ ആശുപത്രികളിൽ പോയി ചികിത്സ തേടിയിരുന്നു. പല മരുന്നുകളും കഴിച്ചെങ്കിലും വേദന മാറിയില്ല. തുടർന്ന് വേദന കാരണം വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് മടക്കി അയക്കുകയായിരുന്നു. മൂത്രത്തിൽ കല്ലാണെന്ന് കരുതി മരുന്നും ചികിത്സയും തുടരുന്നതിനിടെ ദിവസങ്ങള്‍ക്ക് മുമ്പ് മൂത്രത്തിൽ നിന്ന് രക്തം വരാൻ തുടങ്ങി. തുടര്‍ന്ന് ബുധനാഴ്ച സ്വകാര്യ ലാബിൽ നിന്ന് എക്സറേ എടുത്തപ്പോഴാണ് വയറ്റിൽ കത്രിക കണ്ടത്.
കെ.സി. വേണുഗോപാൽ എം.പി ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി. അവിടെ പരിശോധനകൾക്ക് ശേഷം ഉപകരണം പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഉടൻ നടക്കും.
Medical malpractice at Vandanam Medical College; Minister seeks report on scissors found in stomach


































