തിരുവനന്തപുരം: [truevisionnews.com] ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളിൽ രജിസ്റ്റർ ചെയ്ത ഭൂരിഭാഗം കേസുകളും പിൻവലിക്കുമെന്ന സർക്കാർ പ്രഖ്യാപനം ഇനിയും പൂർണ്ണമായി നടപ്പിലായിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
നിയമസഭയിൽ എ.പി. അനിൽകുമാറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിലാണ് 1,587 കേസുകൾ കൂടി ഇനിയും പിൻവലിക്കാനുണ്ടെന്ന വിവരം പുറത്തുവന്നത്.
ആകെ രജിസ്റ്റർ ചെയ്ത 2,634 കേസുകളിൽ 29,119 പേർ പ്രതികളാണെന്നും ഇതിൽ 1,047 കേസുകളിൽ മാത്രമാണ് നിലവിൽ തുടർനടപടികൾ ഒഴിവാക്കുകയോ പിൻവലിക്കാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കുകയോ ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
സമരക്കേസുകൾ പിൻവലിക്കുമെന്ന് 2021 ഫെബ്രുവരിയിൽ സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും അഞ്ച് വർഷം പിന്നിട്ടിട്ടും പകുതിയിലധികം കേസുകളും ഇപ്പോഴും നിയമനടപടികളിൽ തന്നെ തുടരുകയാണ്.
692 കേസുകൾ നിലവിൽ വിവിധ കോടതികളുടെ പരിഗണനയിലാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ഉന്നയിച്ച ചോദ്യത്തിന് മാസങ്ങൾ നീണ്ട കാത്തിരിപ്പിനും സ്പീക്കർക്ക് നൽകിയ പരാതിക്കും ശേഷമാണ് മുഖ്യമന്ത്രി ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്കിനെതിരെ വലിയ വിമർശനങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്. വോട്ടർമാരെ സ്വാധീനിക്കാനായി പ്രഖ്യാപനം നടത്തിയതല്ലാതെ നടപടികൾ പൂർത്തിയാക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നാണ് മറുപടിയിൽ നിന്ന് വ്യക്തമാകുന്നത്.
Sabarimala women's entry cases

































