Feb 19, 2026 08:58 AM

മുൻകൂർ ജാമ്യം ലഭിക്കുന്നതിനുമുൻപ് തന്നെ അറസ്റ്റ് ചെയ്യണമെന്ന് പോലീസുകാർക്ക് ആരുടെയോ സമ്മർദം ഉണ്ടായിരുന്നുവെന്ന് അഭിലാഷം എന്ന ചിത്രത്തിന്റെ സംവിധായകൻ ഷംസുദ്ദീൻ. സിനിമ ഒടിടിയിലും ടിവിയിലും വന്നു. സിനിമയുടെ എല്ലാ വർക്കും കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് ഇപ്പോൾ ഇങ്ങനെ ഒരു ആരോപണം വന്നിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിനിമയുടെ പേരിൽ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന നിർമാതാവിന്റെ പരാതിയിൽ ഹിൽ പാലസ് പോലീസാണ് ഇദ്ദേഹത്തെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

“രണ്ട് ദിവസം മുൻപാണ് എന്നെ സ്റ്റേഷനിൽ നിന്ന് വിളിക്കുന്നത്. ആ സമയത്ത് ഞാൻ ഒരു ഷൂട്ടിനായി പോകുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞു വന്നു ഫ്ലാറ്റിൽ കിടന്ന് ഉറങ്ങുമ്പോഴാണ് പൊലീസുകാർ ലോക്ക് പൊളിച്ച് എന്നെ അറസ്റ്റ് ചെയ്യുന്നത്. പൊലീസുകാർ എന്നാൽ നല്ല സമീപനം ആയിരുന്നു എന്നോട്. മുൻ‌കൂർ ജാമ്യം ലഭിക്കുന്നതിന് മുൻപ് എന്നെ അറസ്റ്റ് ചെയ്യണമെന്ന് പൊലീസുകാർക്ക് കൃത്യമായി ആരുടെയോ പ്രഷർ ഉണ്ടായിരുന്നു.

2025 മാർച്ച് 29-നാണ് അഭിലാഷം എന്ന സിനിമ റിലീസ് ചെയ്തത്. മേയ് 24-ന് ഒടിടി റിലീസായി. ആഗസ്റ്റ് മാസത്തിൽ സിനിമ ടിവിയിലും വന്നു. സിനിമയുടെ തിയേറ്റർ റിലീസും ഒടിടി റിലീസും സാറ്റലൈറ്റിന് വേണ്ടിയുള്ള എല്ലാ ഹാർഡ് ഡിസ്കുകളും എല്ലാ ഫോർമാറ്റുകളും നിർമാതാവിന് കൈമാറിയിരുന്നു. സിനിമയുടെ എല്ലാ വർക്കും കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് ഇപ്പോൾ ഇങ്ങനെ ഒരു ആരോപണം വന്നിരിക്കുന്നത്.

സിനിമയുടെ മാസ്റ്റർ കോപ്പി കൈവശപ്പെടുത്തി എന്നാണ് പറയുന്നത്. അത് കൈവശപ്പെടുത്തിയിട്ട് എനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. എന്റെ കയ്യിൽ അങ്ങനെയൊന്നില്ല, അതെവിടെയാണെന്ന് എനിക്കറിയില്ല. കാരണം ഹാർഡ് ഡിസ്കുകൾ എന്നത് നിർമാതാവിന്റെ ഉത്തരവാദിത്തത്തിലുള്ള കാര്യമാണ്. നിർമാതാവിന്റെ നിർദേശപ്രകാരമുള്ള കാര്യങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. ആമസോൺ പ്രൈമിന് കൈമാറാനുള്ള ഫയൽ അടക്കം ഞാൻ നിർമാതാവിന് കൈമാറിയിരുന്നു. അതിന്റെ എല്ലാ രേഖകളും എന്റെ കയ്യിലുണ്ട്.

എനിക്ക് ഈ സിനിമയുടെ പൂർണമായ പ്രതിഫലം കിട്ടിയിട്ടില്ല. ഒപ്പം പതിനഞ്ചോളം ടെക്‌നിഷ്യൻസിനും പേയ്മെന്റ് കിട്ടിയിട്ടില്ല. ഇപ്പോൾ പോലും എന്റെ നിവൃത്തികേടുകൊണ്ടാണ് മാധ്യമങ്ങൾക്കുമുന്നിൽ നിൽക്കുന്നത്. എനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തപ്പോൾ പോലും അതിനെതിരെ സംസാരിച്ചില്ല. കാരണം നാളെ അഭിലാഷം എന്ന സിനിമ അറിയപ്പെടേണ്ടത് ഇങ്ങനെ ഒരു പരാതിയുടെ പേരിലാകരുത്.

അത്രയും ആത്മാർത്ഥമായാണ് അഭിലാഷം എന്ന സിനിമയെടുത്തത്. ചിത്രീകരണത്തിന്റെ ഒന്നാമത്തെ ദിവസം നിന്നുപോകേണ്ട ഒരു സിനിമ ആയിരുന്നു ഇത്. അങ്ങനെയുള്ള ഒരു പ്രശ്നമാണ് അന്ന് സെറ്റിലുണ്ടായത്. അതിലേക്ക് ഞാൻ ഇപ്പോൾ കടക്കുന്നില്ല.

ഞാൻ കഥ പറയാൻ പോയ നിർമാതാക്കളുടെ അടുത്തേക്ക് തട്ടിപ്പ് ആരോപണം വന്ന വാർത്ത എത്തുകയും പ്രോജക്റ്റ് മുടങ്ങുകയും ചെയ്തു. ഒറ്റദിവസം കൊണ്ട് എന്റെ കരിയറിനെ ഈ സംഭവം വല്ലാതെ ബാധിച്ചു. ഈ രീതിയിൽ അറിയപ്പെടാനല്ല ഞാൻ ആഗ്രഹിച്ചിട്ടുള്ളത്. ഇതൊരു നഷ്ടം വന്ന സിനിമയാണ് എന്ന് വരുത്തിത്തീർക്കാൻ അവർക്ക് ആഗ്രഹം ഉണ്ടാകാം', സംവിധായകന്റെ വാക്കുകൾ.

ചൊവ്വാഴ്ച രാത്രി കാക്കനാടുള്ള ഫ്ലാറ്റിൽനിന്നാണ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്. സിനിമയുടെ ചിത്രീകരണം സംവിധായകൻ വൈകിപ്പിച്ചതായും ഇതുമൂലം നാലുകോടിയോളം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായും നിർമാണ കമ്പനിയായ സെക്കൻഡ് ഷോ പ്രൊഡക്ഷൻസിന്റെ മാനേജിങ് പാർട്ണർ ആൻസരിഗ ആന്റണിയുടെ പരാതിയിൽ പറയുന്നു. സിനിമയുടെ മാസ്‌റ്റർ പ്രിന്റ് കൈക്കലാക്കി വഞ്ചിച്ചുവെന്നും പരാതിയിലുണ്ട്.



Content Highlight: abhilasham film director arrest shamsudheen

Next TV

Top Stories










News Roundup






GCC News