കൊച്ചി: (https://truevisionnews.com/) കൊച്ചിയിലെ സൂരജ് ലാമയുടെ തിരോധാനത്തിന് പിന്നിലെ ദുരൂഹതകൾ നീങ്ങുന്നു. കളമശ്ശേരി എച്ച്.എം.ടി പരിസരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് തന്നെയെന്ന് ഡി.എൻ.എ പരിശോധനയിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മരിച്ചത് സൂരജ് ലാമയാണെന്ന് സ്ഥിരീകരിച്ച വിവരം പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ നവംബര്‍ 30നായിരുന്നു സൂരജ് ലാമയുടെ മൃതദേഹം എച്ച്.എം.ടി കമ്പനിക്ക് സമീപമുള്ള കാടുപിടിച്ച പ്രദേശത്ത് അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൂടെയുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റ് സാധനങ്ങളും കണ്ടപ്പോൾ തന്നെ അത് സൂരജ് ലാമയുടേതാകാം എന്ന് പോലീസ് സംശയിച്ചിരുന്നു.
കൊച്ചിയിൽ താമസിച്ചിരുന്ന നേപ്പാൾ സ്വദേശിയായ സൂരജ് ലാമയെ മാസങ്ങൾക്ക് മുൻപാണ് ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. മകനെ കാണാനില്ലെന്ന് കാണിച്ച് സൂരജിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആദ്യഘട്ടത്തിൽ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനെത്തുടർന്ന് കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു.
സൂരജിന്റെ മാതാപിതാക്കളുടെ ഡി.എൻ.എ സാമ്പിളുകളുമായി ഒത്തുനോക്കിയപ്പോൾ മൃതദേഹം സൂരജിന്റേതാണെന്ന് 100% ഉറപ്പിച്ചു. ഈ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് തിരോധാനത്തിൽ ഔദ്യോഗികമായ സ്ഥിരീകരണമുണ്ടായത്. ഇതൊരു കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. എച്ച്.എം.ടി പരിസരത്ത് ഇയാൾ എങ്ങനെ എത്തി എന്നതും മരണകാരണവും കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും സാഹചര്യത്തെളിവുകളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
SurajLama's disappearance, DNA test, Confirms identity

































