തിരുവനന്തപുരം: ( www.truevisionnews.com ) ആർആർടിഎസ് പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കുന്ന പിടിവാശിയെയും സി.പി.എമ്മിന്റെ നിലപാടുകളിലെ വൈരുദ്ധ്യത്തെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വികസന പദ്ധതികളുടെ കാര്യത്തിൽ സി.പി.എം സ്വീകരിക്കുന്ന ഇരട്ടത്താപ്പാണ് അദ്ദേഹം പ്രധാനമായും തുറന്നുകാട്ടിയത്. മുൻപ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഇ. ശ്രീധരനെ കൊച്ചി മെട്രോയുടെ ചുമതലയിൽ നിന്ന് മാറ്റാൻ നീക്കം നടക്കുന്നു എന്നാരോപിച്ച് വലിയ ബഹളമുണ്ടാക്കിയവരാണ് സി.പി.എമ്മുകാരെന്നും, എന്നാൽ ഇന്ന് അതേ മെട്രോമാനെ എല്ലാവരും ചേർന്ന് പരിഹസിക്കുകയാണെന്നും സതീശൻ പരിഹസിച്ചു.
അതിവേഗ റെയിൽപാത വരുന്നതിനോ വികസന പദ്ധതികൾക്കോ പ്രതിപക്ഷം എതിരല്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. നല്ല പദ്ധതികൾ ആര് കൊണ്ടുവന്നാലും അതിനെ പിന്തുണയ്ക്കുമെന്നും എന്നാൽ പ്രായോഗികമല്ലാത്ത കാര്യങ്ങളിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പിടിവാശിയാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്പ്രിംഗ്ലർ വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. സ്പ്രിംഗ്ലർ കേസിൽ താൻ കോടതിയെ സമീപിച്ചിട്ടില്ലെന്നും എന്നാൽ പ്രതിസന്ധി വന്നപ്പോൾ പദ്ധതി ഉപേക്ഷിച്ച് ഇട്ടിട്ട് ഓടിയത് പിണറായി വിജയനാണെന്നും സതീശൻ പരിഹസിച്ചു.
vd satheesan says he is not against the high speed rail project



























