കോഴിക്കോട്:(https://truevisionnews.com/) കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രയ്ക്കിടെ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധിയിൽ താങ്ങായി നിന്ന ജീവനക്കാരെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് ഷെമീന തൗഫീർ. ബസിനുള്ളിൽ വച്ച് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഷെമീന പങ്കുവെച്ച ഈ കുറിപ്പ് പ്രസക്തമാകുന്നു.
കൊല്ലം ഡിപ്പോയിലെ കണ്ടക്ടർ മഞ്ജുഷ, ഡ്രൈവർ അശോക പണിക്കർ എന്നിവരുടെ ഇടപെടലിലൂടെ ഭയരഹിതമായി യാത്ര പൂർത്തിയാക്കാൻ സാധിച്ചതിനെക്കുറിച്ചാണ് ഷെമീന തന്റെ അനുഭവക്കുറിപ്പിൽ വിവരിക്കുന്നത്.
വഴിമധ്യേ ബസ് കേടായതിനെത്തുടർന്ന് മറ്റൊരു ബസ്സിൽ കയറേണ്ടി വന്ന ഷെമീനയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് സീറ്റ് സൗകര്യമൊരുക്കിയ കണ്ടക്ടറുടെ നടപടിയും, യാത്രയ്ക്കിടെ മോശമായി പെരുമാറിയ യുവാവിനെ പക്വതയോടെ ബസ്സിൽ നിന്നും ഇറക്കിവിട്ട ഡ്രൈവറുടെ കരുതലുമാണ് ഷെമീനയുടെ കുറിപ്പിലുള്ളത്.
'വെളുപ്പിന് കോഴിക്കോട് പോകേണ്ടിവന്ന ഒരു ഔദ്യോഗിക യാത്ര.
കൊടുങ്ങല്ലൂരിലേക്കുള്ള മടങ്ങിവരവ് വൈകുന്നേരം 4.35-ന് ബുക്ക് ചെയ്ത ബസ്സിലൂടെയായിരുന്നു.
പക്ഷേ, അപ്രതീക്ഷിതമായി ബസ്സിന് സംഭവിച്ച തകരാർ ആ പദ്ധതിയെ തകർത്തു.
ഒരു നിമിഷത്തെ ആശങ്ക…
എങ്കിലും സ്റ്റേഷൻ മാസ്റ്ററുടെയും കണ്ടക്ടറുടെയും ഇടപെടലിലൂടെ
കൊല്ലം ഡിപ്പോയുടെ ഒരു സൂപ്പർ ഫാസ്റ്റ് ബസ്സിൽ ഞാൻ യാത്ര തുടരുകയായിരുന്നു.
ആ ബസ്സിൽ കയറിയ നിമിഷം മുതൽ തന്നെ
മഞ്ജുഷ ചേച്ചി എന്ന കണ്ടക്ടറുടെ മുഖത്ത്
ഒരു പരിചിതമായ സൗമ്യത ഉണ്ടായിരുന്നു.
എന്റെ ആരോഗ്യപരമായ ബുദ്ധിമുട്ട് പറഞ്ഞപ്പോൾ
ഒരു ചോദ്യവുമില്ലാതെ,
“ഇവിടെ ഇരുന്നോളൂ” എന്ന കരുതലോടെ
എന്നെ സുരക്ഷിതമായ ഒരു സീറ്റിൽ ഇരുത്തി.
ഗുരുവായൂർ സ്റ്റാൻഡിൽ എത്തിയപ്പോൾ
കുറച്ച് സീറ്റുകൾ ഒഴിഞ്ഞു.
ഞാൻ ഒരു വിൻഡോ സീറ്റിലേക്ക് മാറി.
പക്ഷേ, അവിടെ…
ഒരു യുവാവിന്റെ അസൗകര്യകരമായ സമീപനം.
ഒരു നിമിഷം പോലും ചിന്തിക്കാതെ
ഞാൻ വീണ്ടും മറ്റൊരു സീറ്റിലേക്ക് മാറി.
പക്ഷേ…
എന്റെ ആ മാറ്റം
ആരെങ്കിലും ശ്രദ്ധിച്ചിരുന്നുണ്ടായിരുന്നു.
ഡ്രൈവർ സീറ്റിലിരുന്ന
അശോക പണിക്കർ ചേട്ടൻ.
അയാളുടെ അനാവശ്യമായ ചോദ്യങ്ങളും
സ്ത്രീകൾ ഇരിക്കുന്ന ഭാഗത്തേക്കുള്ള നോക്കുകളും
ഡ്രൈവർ ചേട്ടൻ കണ്ടു.
ശബ്ദം അല്പം കടുപ്പിച്ചെങ്കിലും
ഒരു പ്രശ്നവുമുണ്ടാകാതെ
സാഹചര്യം അദ്ദേഹം കൈകാര്യം ചെയ്തു.
“ഇവിടെ നിൽക്കണ്ട” എന്ന് മനസ്സിലായതോടെ
അയാൾ ബസ്സിൽ നിന്ന് ഇറങ്ങി പോയി.
അയാൾ പോയ ഉടനെ
ഡ്രൈവർ ചേട്ടൻ എന്നെ നോക്കി പറഞ്ഞു:
“മോൾ അവിടെ പോയി ഇരുന്നോ…”
ആ വാക്കുകൾ…
ബസ്സിനുള്ളിൽ ഇരുന്ന ഒരു യാത്രക്കാരിയോട് പറഞ്ഞതല്ല.
ഒരു അച്ഛനോ,
ഒരു ചേട്ടനോ
വീട്ടിൽ പറയുന്ന കരുതലായിരുന്നു അത്.
അയാൾ ബോധത്തിലല്ലെന്ന് തിരിച്ചറിഞ്ഞ്
ഒട്ടും ഭയമുണ്ടാക്കാതെ,
ഒട്ടും പ്രശ്നമാക്കാതെ
വളരെ ശ്രദ്ധയോടെ
ഒരു സ്ത്രീയുടെ സുരക്ഷ ഉറപ്പാക്കിയ ഒരു മനുഷ്യൻ.
ഇങ്ങനെ…
നമ്മുടെ ചുറ്റുമുണ്ട്
പേരില്ലാത്ത ഒരുപാട് നായകന്മാർ.
മഞ്ജുഷമാരും
അശോക പണിക്കർമാരും.
തിരക്കേറിയ ജീവിതത്തിൽ
പലപ്പോഴും നമ്മൾ എഴുതാതെ പോകുന്ന
ചെറിയ കരുതലുകൾ…
എന്നാൽ ഇന്ന്,
ഇത് എഴുതാതെ
എനിക്ക് ഉറങ്ങാൻ കഴിയില്ല.
നന്ദി മഞ്ജുഷ ചേച്ചി…
നന്ദി അശോക ചേട്ടാ…
ഒരു യാത്രയെ സുരക്ഷയാക്കി,
ഒരു നിമിഷത്തെ പേടി വിശ്വാസമാക്കി മാറ്റിയതിന്'.
എന്നിങ്ങനെയാണ് ഷെമീന പങ്കുവെച്ച കുറിപ്പ്.
Shemina Taufir shares her experience on the KSRTC bus





































