Jan 19, 2026 12:19 PM

( www.truevisionnews.com) മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം. മന്ത്രിയുടെ വിദ്വേഷപരാമര്‍ശം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സജി ചെറിയാന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു. 

എത്ര ആപത്കരവും അപകടകരവുമായ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നതിനുള്ള പ്രസ്താവനയാണ് ഭരണഘടനാ പ്രകാരം സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് ഇതിന്റെ ഉദ്ദേശ്യം.

ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കുക എന്ന സംഘപരിവാറിന്റെ അതേ വഴിയിലൂടെ സിപിഐഎമ്മും യാത്ര ചെയ്യുകയാണ്. അതിന് മുഖ്യമന്ത്രി കുടപിടിച്ചു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ രണ്ട് പ്രസ്താവനകളും നടന്നിരിക്കുന്നത്. ബാലന്റെ പ്രസ്താവ മുഖ്യമന്ത്രി ന്യായീകരിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ ഒരു മന്ത്രിസഭാംഗം ഇത്തരമൊരു വര്‍ഗീയ പ്രസ്താവന നടത്തിയിട്ടില്ല.

ജയിച്ചു വരുന്ന ആളുകളുടെ മതം നോക്കാനാണ് പറഞ്ഞിരിക്കുന്നത്. എത്ര ക്രൂരമായ പ്രസ്താവനയാണ്. കേരളത്തെ ഇത് അപകടകരമായ നിലയിലേക്ക് എത്തിക്കും. നമ്മുടെ സംസ്ഥാനമുണ്ടാക്കിയ മൂല്യങ്ങള്‍ മുഴുവന്‍ കുഴിച്ചു മൂടപ്പെടും. വര്‍ഗീയത ആളിക്കത്തിക്കാന്‍ ഒരു തീപ്പൊരി വീഴാന്‍ കാത്തിരിക്കുന്നവരുടെ കൈകളിലേക്ക് ഒരു തീപ്പന്തമാണ് ഇവര്‍ എറിഞ്ഞുകൊടുക്കുന്നത് – അദ്ദേഹം പറഞ്ഞു.

വര്‍ഗീയത ആര് പറഞ്ഞാലും എതിര്‍ക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. വ്യക്തിപരമായി രാഷ്ട്രീയ ജീവിതത്തില്‍ എന്ത് നഷ്ടം വന്നാലും ഈ നിലപാടില്‍ ഈ സ്ഥാനത്തിക്കന്നിടത്തോളം കാലം വെള്ളം ചേര്‍ക്കില്ല. ഈ വൃത്തികേട് കണ്ടിട്ട് അത് കേട്ടില്ല, കണ്ടില്ല എന്ന് നടിക്കണോ. ജയിച്ചു വന്നവരുടെ മതം നോക്കാന്‍ പറഞ്ഞിരിക്കുകയാണ്. അത് കേട്ട് മിണ്ടാതിരിക്കുന്നതിലും ബേധം ഇത് നിര്‍ത്തി വല്ല പണിക്കും പോകുന്നതാണ്. അതിന് എന്നെക്കിട്ടില്ല – അദ്ദേഹം പറഞ്ഞു.

വര്‍ഗീയതയ്‌ക്കെതിരായി നിലപാട് എടുത്തതിന്റെ പേരില്‍ ഏത് ആക്രമണവും നേരിടാന്‍ താന്‍ തയാറാണെന്ന് വിഡി സതീശന്‍ പറഞ്ഞു. വര്‍ഗീയതയുമായി ഏറ്റുമുട്ടി തോറ്റ് നിലത്ത് വീണാലും അത് വീരോചിതമായ ചരമമായിരിക്കും.

അല്ലാതെ, വെറുതേ പോകില്ല. എനിക്ക് ഭയമില്ല. ഞാന്‍ പറഞ്ഞിരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിലപാടാണ്. ഞാന്‍ ഒരു കോണ്‍ഗ്രസുകാരനായതുകൊണ്ടാണ് എനിക്ക് അങ്ങനെ സംസാരിക്കാന്‍ പറ്റുന്നത്. കേരളത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. കേരളത്തെ ഭിന്നിപ്പിക്കാന്‍ ആര് വന്നാലും അതിനെ ചെറുക്കുക തന്നെ ചെയ്യും – അദ്ദേഹം പറഞ്ഞു.

താന്‍ പലതവണ പെരുന്നയിലും, കണിച്ചുകുളങ്ങരയും പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോകുന്നത് തിണ്ണ നിരങ്ങിലാണെന്ന് അവര്‍ കരുതുന്നുണ്ടെങ്കില്‍ പോകാതിരിക്കാം. അല്ലാതെ, എന്ത് ചെയ്യാന്‍ പറ്റും. താനൊരു സമുദായത്തെയും തള്ളി പറഞ്ഞിട്ടില്ല. ധ്രുവീകരണത്തെ നിലമ്പൂര്‍ തിരഞ്ഞെടുപ്പിലും നേരിട്ടു – അദ്ദേഹം പറഞ്ഞു.

മറ്റ് നേതാക്കളുമായി താരതമ്യം ചെയ്യുന്നതില്‍ തനിക്ക് വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല എന്റെ നേതാവാണ്. രാഷ്ട്രീയ നേതാക്കള്‍ സമുദായ നേതാക്കളെ പരിധിവിട്ട് ആശ്രയിച്ചപ്പോഴാണ് താന്‍ നിലപാടെടുത്തത്. ഇരിക്കാന്‍ പറയുമ്പോള്‍ ഇരുന്നാല്‍ മതി കിടക്കാന്‍ പാടില്ല എന്ന് താന്‍ പറഞ്ഞിട്ടുണ്ട്. എന്റെ നിലപാട് കോണ്‍ഗ്രസിന് നഷ്ടമുണ്ടാക്കില്ല – അദ്ദേഹം പറഞ്ഞു.



Saji Cherian’s statement is dangerous said VD Satheesan

Next TV

Top Stories










News Roundup