കോഴിക്കോട്:( www.truevisionnews.com ) ഡിജിറ്റൽ അറസ്റ്റിലായെന്ന് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിനിയെ ഭീഷണിപ്പെടുത്തി 36 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നാലുപേരെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബറിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട കോഴിക്കോട് സ്വദേശികളായ പ്രതികളെ ഇൻസ്പെക്ടർ കെ.കെ ആഗേഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
കേസിലെ പരാതിക്കാരിയുടെ പണം തട്ടിയെടുക്കുന്നതിനുവേണ്ടി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിന്‍റെ ഉടമയും, തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ചു കൊടുക്കുന്ന സംഘത്തിലെ അംഗങ്ങളുമായ കോഴിക്കോട് പാറോപ്പടി സ്വദേശി ഹരിപ്രസാദ്.കെ, കല്ലായി സ്വദേശി ഫാസിൽ, അത്താണിക്കൽ സ്വദേശി ഷിഹാബ്.കെ.വി, മലാപ്പറമ്പ് സ്വദേശി റബിൻ.എ എന്നിവരാണ് പിടിയിലായത്.
പ്രതികളെ കോഴിക്കോട് സി.ജെ.എം കോടതിയിൽ ഹാജരാക്കി. കേസിലെ പരാതിക്കാരിയുടെ ആധാർ കാർഡ് ഉപയോഗിച്ച് മുംബൈ കനറാ ബാങ്കിൽ ആരോ ബാങ്ക് അക്കൗണ്ട് തുടങ്ങിയെന്നും, ബാങ്ക് അക്കൗണ്ട് വഴി നരേഷ് ഗോയൽ എന്നയാളുടെ പേരിലുള്ള തട്ടിപ്പ് സംഘം നാലു കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഡിജിറ്റൽ അറസ്റ്റിലാണെന്നുമാണ് പ്രതികൾ ധരിപ്പിച്ചത്.
മുംബൈയിലെ കൊളാബ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച പ്രതികൾ സ്ത്രീയുടെ പേരിലുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 36 ലക്ഷം തട്ടിയെടുത്തു. തട്ടിപ്പിലെ വിദേശ ബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Digital arrest fraud Kozhikode natives arrested for extorting Rs 36 lakhs through threats
































