തിരുവനന്തപുരം: ( www.truevisionnews.com ) മിഷൻ 110 സാധ്യമാണെന്നും ആത്മവിശ്വാസത്തിന് അടിസ്ഥാനമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ സീറ്റോടെ എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത്, പ്രാദേശിക തിരിച്ചടിമാത്രമാണ്.
പത്ത് വർഷം മുൻപുള്ള കേരളത്തിൻ്റെ അവസ്ഥ ജനങ്ങളുടെ മനസിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി കേരളം അനുഭവിക്കുന്നത് സർവതല വികസനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞങ്ങൾക്ക് കനഗോലു ഇല്ല. ഞങ്ങളുടെ കനഗോലു ജനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തുവർഷവും അതിനുമുൻപുള്ള അവസ്ഥയും ജനങ്ങളെ സ്വാധീനിക്കുന്നതാണ്. ആ താരതമ്യം എൽഡിഎഫിന്റെ ഗ്രാഫ് ഉയർത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതി ഏറ്റവും കുറഞ്ഞ നാടെന്ന പ്രത്യേകത നമ്മുടെ നാട് നേടി.
ഏതെങ്കിലും ഒരു പോസ്റ്റിൽ ആരെയെങ്കിലും നിയമിക്കാൻ കൈക്കൂലി കൊടുക്കേണ്ടതുണ്ടോ ഇക്കാലത്തെന്നു ചോദിച്ച മുഖ്യമന്ത്രി, ഈ സ്ഥിതിയിൽ കാലത്തിന്റെ മാറ്റം മാത്രമല്ല എൽഡിഎഫിനും പങ്കുണ്ടെന്ന് പറഞ്ഞു.
വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ അൽഭുതകരമായ മാറ്റങ്ങളാണ് ഉണ്ടായത്. 2016-ൽ അധികാരത്തിൽ വരുമ്പോൾ ആയിരത്തോളം സ്കൂളുകൾ അടച്ചു പൂട്ടാൻ നിൽക്കുകയായിരുന്നു. 2016-ന് മുമ്പ് ജൂൺ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ പാഠപുസ്തകങ്ങൾ ഇല്ലാതെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കൊടുത്ത സ്ഥിതി ഉണ്ടായിരുന്നല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെ കരിവാരിത്തേയ്ക്കുന്ന വാർത്തകളിലും അമേരിക്കൻ ഭീകരതയെ സ്വാഭാവികവത്ക്കരിക്കുന്നതും അതേ രീതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്കെതിരായ രാഷ്ട്രീയ ലക്ഷ്യമാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
The confidence of 110 seats is not in vain LDF will come to power again Pinarayi Vijayan






























