എറണാകുളം:( www.truevisionnews.com ) വടക്കൻ പറവൂരിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് ബന്ധുക്കൾ. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 30കാരിയായ കാവ്യമോൾ മരിച്ചത്.
ഡോൺബോസ്കോ ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ നോർത്ത് പറവൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
രണ്ടാമത്തെ പ്രസവത്തിനായാണ് കാവ്യമോളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24നായിരുന്നു പ്രസവം. പകൽ 12.50നാണ് കുഞ്ഞുപിറന്നത്.
പിന്നാലെ കാവ്യക്ക് അമിത രക്തസ്രാവമുണ്ടെന്നും രക്തസ്രാവം നിൽക്കാത്തതിനാൽ ഗർഭപാത്രം നീക്കം ചെയ്യണമെന്നും ഡോക്ടർ പറഞ്ഞു. ഇത് അനുസരിച്ച് കുടുംബം സമ്മതം നൽകുകയും ഗർഭപാത്രം നീക്കുകയും ചെയ്തു.
വൈകിട്ട് നാലോടെ കാവ്യക്ക് ഹൃദയാഘാതം ഉണ്ടായെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെ ആരോഗ്യനില കൂടുതൽ വഷളായി പിന്നാലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതോടെ നില ഗുരുതരമായി. പിന്നാലെ ബുധനാഴ്ച വൈകിട്ട് യുവതിക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അതേസമയം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും എല്ലാവിധ ചികിത്സാ സൗകര്യങ്ങളും നൽകിയിരുന്നുവെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. സനീഷാണ് ഭർത്താവ്.
Woman dies after giving birth in North Paravur


































