കൊച്ചി: ( www.truevisionnews.com )എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരോക്ഷ വിമര്‍ശനവുമായി കാന്തപുരം വിഭാഗം. സാമുദായിക രാഷ്ട്രീയ നേതാക്കള്‍ എന്ന് അവകാശപ്പെടുന്നവര്‍ വിദ്വേഷവും വെറുപ്പും വളര്‍ത്തുന്നുവെന്ന് ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരള യാത്രയുടെ വൈസ് ക്യാപ്റ്റനാണ് ഖലീല്‍ ബുഖാരി തങ്ങള്‍.
മതത്തിന്റെ പേരില്‍ മനുഷ്യനെ ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വീണ്ടും വീണ്ടും വര്‍ഗീയക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളെ പരാമര്‍ശിച്ച് വിമര്‍ശനം ഉയര്‍ത്തുന്നത് തങ്ങളുടെ രീതിയല്ലെന്നും ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ സിപിഐ, മലപ്പുറം പരാമര്‍ശങ്ങളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തള്ളി. വെള്ളാപ്പള്ളി നടേശനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തവും ബാധ്യതയും സിപിഐഎമ്മിനില്ലെന്ന് എം വി ഗോവിന്ദന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വെള്ളാപ്പള്ളി പറയുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കുമെന്നും തെറ്റായത് അംഗീകരിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 'കോഫി വിത്ത് അരുണി'ലാണ് പ്രതികരണം.
സിപിഐ 'ചതിയന്‍ ചന്തു' ആണെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തെ അംഗീകരിക്കുമോയെന്ന ചോദ്യത്തോട് സിപിഐയും സിപിഐഎമ്മും തമ്മിലാണ് ഏറ്റവും വലിയ ബന്ധമുള്ളതെന്ന് എം വി ഗോവിന്ദന്‍ മറുപടി നല്‍കി. അതിനെതിരായ തെറ്റായ ഒരു പ്രവണതയും പ്രചാരവേലയും തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അനുകൂലമായ നിലപാട് സ്വീകരിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
'ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ പ്രധാനപ്പെട്ട പാര്‍ട്ടികള്‍ സിപിഐഎമ്മും സിപിഐയുമാണ്. അതിനെ കലുഷിതമായ രീതിയിലുള്ള എന്തെങ്കിലും പ്രയോഗങ്ങളും വാക്കുകളും കൊണ്ട് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്ന ഒരു ശ്രമത്തിനും യോജിപ്പില്ല', എം വി ഗോവിന്ദന്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തെയും തള്ളി എം വി ഗോവിന്ദന്‍ രംഗത്തെത്തി. ഒരു പ്രദേശത്തേയോ ജനതയേയോ വര്‍ഗീയമായി ചിത്രീകരിക്കുന്ന നിലപാടിനോട് വെള്ളാപ്പള്ളിയായാലും യോജിപ്പില്ലെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
Kanthapuram faction indirectly criticizes Vellappally Natesan




























