---
title: "ദിലീപിനെയും ആന്‍റണിയെയും പുറത്ത് ചാടിക്കാൻ ഫിയോക്ക്"
english_title: "Fiok to kick Dileep and Antony out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33392/fiok-to-kick-dileep-and-antony-out"
published_at: "2022-03-23T10:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623aa872e75e0_dileep.jpg"
keywords: []
---

# ദിലീപിനെയും ആന്‍റണിയെയും പുറത്ത് ചാടിക്കാൻ ഫിയോക്ക്

> **Lead Summary:** നടന്‍ ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്തുചാടിക്കാന്‍ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിര്‍‌ണായക നീക്കം. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും ആ സ്ഥാനങ്ങളില്‍ നിന്ന് നീക്കാന്‍ ഭരണഘടന ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്. 31ന് ജനറല്‍ ബോഡി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

## Article Content

നടന്‍ ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്തുചാടിക്കാന്‍ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിര്‍‌ണായക നീക്കം. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും ആ സ്ഥാനങ്ങളില്‍ നിന്ന് നീക്കാന്‍ ഭരണഘടന ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്. 31ന് ജനറല്‍ ബോഡി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

2017ല്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍ന്നാണ് തിയറ്ററുടമകളുടെ ഇന്നത്തെ സംഘടനയായ ഫിയോക് ദിലീപിന്റെ കാര്‍മികത്വത്തില്‍ രൂപം കൊണ്ടത്. ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ യഥാക്രമം ദിലീപിലും ആന്റണി പെരുമ്പാവൂരിലും നിലനിര്‍ത്തിയായിരുന്നു ഭരണഘടനയ്ക്ക് രൂപം നല്‍കിയതും.

ഈ രണ്ട് സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് പാടില്ലെന്നും ഫിയോക്കിന്റെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഈ ചട്ടം പൊളിച്ചെഴുതാനാണ് ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. 31ന് നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡിയുടെ അംഗീകാരം ഇക്കാര്യത്തില്‍ അനിവാര്യമാണെന്നിരിക്കെയാണ് ഭരണഘടന ഭേദഗതി കൊണ്ടുവരാന്‍ നിര്‍ണായക നീക്കം തുടരുന്നത്.

മോഹന്‍ലാല്‍ ചിത്രമായ മരക്കാറിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായുണ്ടായ അഭിപ്രായഭിന്നതയുടെ തുടര്‍ച്ചയാണ് നിലവിലെ നീക്കത്തിലെത്തി നില്‍ക്കുന്നത്.

നേരത്തെ ചെയര്‍മാനായ ദിലിപ് മുഖേന സംഘടനയ്ക്ക് ആന്റണി പെരുമ്പാവൂര്‍ രാജി നല്‍കിയിരുന്നെങ്കിലും അതേകുറിച്ച് അറിവില്ലെന്നാണ് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ മാധ്യമങ്ങളെ അറിയിച്ചത്.

എന്നാല്‍ കടുത്ത ഭിന്നത തുടരുന്നതിന്റെ ഭാഗമായി ഭരണഘടന ഭേദഗതി കൊണ്ടുവന്ന് ആന്റണി പെരുമ്പാവൂരിനെയും ദിലീപിനെയും സംഘടനയ്ക്ക് പുറത്തുചാടിക്കാന്‍ ഫിയോക്കിനുള്ളില്‍ ശ്രമം തുടരുകയായിരുന്നു.

ഭേദഗതി യാഥാര്‍ഥ്യമായാല്‍ തിയറ്ററുടമയും എന്നാല്‍ മറ്റ് സംഘടനകളില്‍ അംഗമല്ലാത്ത ആളുകളിലേക്കും മാത്രമായി ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഒതുങ്ങും.

### Related Links & Sources
- [Original Story Source](https://moviemax.in/news/33392/fiok-to-kick-dileep-and-antony-out)