കോഴിക്കോട്: (https://truevisionnews.com/) വടകര ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിനിടെ മാറി വോട്ട് ചെയ്ത എൽഡിഎഫ് അംഗത്തിന്‍റെ വീടിനുനേരെ ആക്രമണം. ആർജെഡി അംഗമായ രജനിയുടെ ചോമ്പാലയിലെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്‍റെ വാതിലിന് അരികെ സ്റ്റീൽ ബോംബുവെച്ചെങ്കിലും പൊട്ടാത്തത് കാരണം വലിയ അത്യാഹിതം ഒഴിവായി.
വീടിന്‍റെ ജനൽ ചില്ലുകൾ തകർത്തിട്ടുണ്ട്. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മാറി വോട്ട് ചെയ്തെങ്കിലും വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തന്നെ രജനി വോട്ട് ചെയ്തിരുന്നു .
രജനിയുടെ വോട്ട് മാറിയത് കാരണം ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചിരുന്നു. ഇരു മുന്നണികൾക്കും ഏഴു സീറ്റുകൾ വീതമാണ് ബ്ലോക്ക് പഞ്ചായത്തിലുള്ളത്. വോട്ട് മാറി ചെയ്തതിന് തുടർന്ന് രജനിയെ ആർ ജെ ഡി ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
രജനിയുടെ വീടിനുനേരെയുണ്ടായത് സിപിഎമ്മിന്‍റെ ആസൂത്രിത ആക്രമണമാണെന്ന് കെകെ രമ എംഎൽഎ ആരോപിച്ചു. ഇടതുപക്ഷത്തുള്ള ഒരു നേതാവിന്‍റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. അബദ്ധത്തിൽ വോട്ട് മാറി ചെയ്തതിന്‍റെ പേരിലാണ് സിപിഎമ്മിന്‍റെ ആക്രമണമെന്നും കെകെ രമ ആരോപിച്ചു.
വോട്ട് മാറി ചെയ്ത സംഭവത്തിൽ ഇന്നലെയാണ് ആര്‍ജെഡി രജനി തെക്കെ തയ്യിലിനെ സസ്പെന്‍ഡ് ചെയ്തത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്യം നിറവേറ്റുന്നതിൽ വീഴ്ചവരുത്തിയതിനുമാണ് നടപടി.
Attack on the house of an LDF member who changed his vote in Vadakara, Kozhikode.


































