പാലക്കാട്: (https://truevisionnews.com/) പാലക്കാട് ചിറ്റൂരില്‍ ആറ് വയസുകാരന്റെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ അസ്വഭാവികതയുണ്ടെന്ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുമേഷ് അച്യുതന്‍. സാധാരണ ഗതിയില്‍ കുട്ടി ഒറ്റയ്ക്ക് ഇത്രയും ദൂരം കളിക്കാനായി പോകാറില്ലെന്നും നടന്ന് പോകുമ്പോള്‍ കുളത്തിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും സുമേഷ് അച്യുതന്‍ പറഞ്ഞു.
ഇന്നലെ ഈ കുളത്തില്‍ പരിശോധന നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഡോഗ് സ്‌ക്വാഡ് എത്തിയത് മറ്റ് രണ്ട് കുളങ്ങളിലേക്ക് ആയതിനാല്‍ അവിടങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. റോഡിലൂടെ നടക്കുമ്പോള്‍ അബദ്ധത്തിൽ കുളത്തിലേക്ക് വീഴാൻ സാധ്യതയില്ലാത്തതിനാല്‍ ഈ കുളത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എപ്പോഴും ആള്‍പ്പെരുമാറ്റം ഉണ്ടാകാറുള്ള കുളമാണ്. പക്ഷെ കുട്ടി ആരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സുമേഷ് അച്യുതന്‍ പറഞ്ഞു.
'കുളത്തിന് പിന്നിലായി ചില്‍ഡ്രന്‍സ് പാര്‍ക്കുണ്ട്. കുട്ടി സഹോദരന്മാരും കൂട്ടുകാരുമൊത്ത് കളിക്കാന്‍ വരാറുണ്ട്. പക്ഷെ കുളത്തിന്റെ ഭാഗത്തുള്ള വഴിയിലൂടെ പോകേണ്ട കാര്യമില്ല, മറ്റൊരു വഴിയുണ്ട്. അതിലൂടെ പോകാൻ കഴിയും. എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കണം.
അപകടം നടന്ന കുളം റോഡിനോട് ചേര്‍ന്നല്ല. അതിനാല്‍ റോഡിലൂടെ നടന്ന് പോകുമ്പോള്‍ അബദ്ധത്തില്‍ വീണു എന്ന് കരുതാനാകില്ല. മുതിര്‍ന്ന ആളുകള്‍ക്ക് പോലും കടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു കനാല്‍ റോഡിനും പാലത്തിനും നടുവിലുണ്ട്. സംഭവത്തിൽ പൊലീസിന്റെ വിശദമായ അന്വേഷണം വേണം.' സുമേഷ് അച്യുതന്‍ പ്രതികരിച്ചു.
പാര്‍ക്കിനകത്ത് അല്ലാതെ കുളത്തിന്റെ പരിസരത്ത് സിസിടിവി ക്യാമറകളില്ല. പാര്‍ക്കിലെ സിസിടിവി പരിശോധിച്ചിരുന്നു. എന്നാല്‍ അവിടേക്ക് കുട്ടി എത്തിയതായി ദൃശ്യങ്ങളിലില്ല. കുളത്തിന്റെ അരികിലെ വഴിയിലൂടെ സാധാരണ പാര്‍ക്കിലേക്ക് പോകാറില്ല. പക്ഷെ കുട്ടിയുടെ അമ്മ ഇന്നലെ ഈ വഴി വന്നിരുന്നു. അമ്മയുടെ പിറകെ വന്നതാണോ കുട്ടി എന്ന് അറിയില്ലെന്നും സുമേഷ് അച്യുതന്‍ കൂട്ടിച്ചേര്‍ത്തു.
കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്-തൗഹീദ ദമ്പതികളുടെ മകന്‍ സുഹാന്റെ മൃതദേഹമാണ് വീടിനടുത്തുള്ള കുളത്തില്‍ നിന്ന് കണ്ടെത്തിയത്. 22 മണിക്കൂറോളം നീണ്ട പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. സഹോദരനൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെ പിണങ്ങി വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. രാവിലെ കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ പോയി കളിച്ച കുട്ടി വീട്ടിലെത്തി സഹോദരനൊപ്പം ടിവി കാണുകയായിരുന്നു.
ഇതിനിടെ സഹോദരനോട് പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ മുത്തശ്ശിയും അമ്മയുടെ സഹോദരങ്ങളും മക്കളും വീട്ടിലുണ്ടായിരുന്നു. സുഹാനെ കാണാതായ വിവരം സഹോദരന്‍ വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ നാട്ടുകാരെ അറിയിക്കുകയുമായിരുന്നു.
Incident: Body of six-year-old boy found in pond in Chittoor, unusual































.png)



