മലപ്പുറം: ( www.truevisionnews.com ) തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പുറത്ത് വന്നിട്ടും വിവാദങ്ങങ്ങളും പരാമർശങ്ങളും ഒഴിയുന്നില്ല. പലയിടത്തും സംഘർഷങ്ങളും അക്രമങ്ങളും ഉണ്ടായിട്ടുണ്ട്, ഇതിന് പിന്നാലെയാണ് മലപ്പുറം തെന്നലയിൽ കടുത്ത സ്ത്രീ വിരുദ്ധ പ്രസംഗവുമായി സി.പി.എം നേതാവ് രംഗത്തെത്തിയിട്ടുള്ളത്.
തെരെഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ വിവാഹം ചെയ്തു കൊണ്ടുവന്ന പെൺകുട്ടികളെ മുസ്ലീം ലീഗ് രംഗത്തിറക്കിയെന്ന് സി.പി.എം മുൻ ലോക്കൽ സെക്രട്ടറി സെയ്തലവി മജീദ് ആരോപിച്ചു.
അന്യ ആണുങ്ങളുടെ മുന്നിൽ ഒരു വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടു വന്ന പെണ്ണുങ്ങളെ കൊണ്ടുവന്ന് മുന്നിൽ കാഴ്ച്ചവെക്കുകയല്ല ചെയ്യേണ്ടതെന്നും സെയ്തലവി മജീദ് അധിക്ഷേപിച്ചു.
തന്‍റെ വീട്ടിലും കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളുണ്ടെന്നും അവരെയൊക്കെ കെട്ടി കൊണ്ടുവന്നത് ഭർത്താക്കൻമാരുടെ കൂടെ അന്തിയുറങ്ങാനാണെന്നും പ്രസംഗത്തിൽ പറയുന്നുണ്ട്. കല്യാണം കഴിക്കുമ്പോൾ തറവാട് നോക്കണമെന്ന് പറയുന്നത് ഇതിനൊക്കെ വേണ്ടിയാണ്.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ ഇതല്ല, ഇതിലും വലുത് കേൾക്കേണ്ടി വരും. അതിനൊക്കെയുള്ള ഉളുപ്പ് ഉണ്ടെങ്കിൽ ഇറങ്ങിയാൽ മതി. അല്ലെങ്കിൽ വീട്ടിൽ വീട്ടമ്മയായി ഇരുന്നാൽ മതി. താൻ ഈ പറഞ്ഞതിനെതിരെ കേസ് വേണമെങ്കിൽ കൊടുത്തോളുവെന്നും നേരിടാൻ അറിയാമെന്നും സെയ്തലവി മജീദ് വെല്ലുവിളിച്ചു.
പഞ്ചായത്ത് അംഗമായി തെരെഞ്ഞെടുത്തതിന്‍റെ സ്വീകരണത്തിലാണ് വിവാദ പ്രസംഗം. സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന സെയ്തലവി മജീദ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പാര്‍ട്ടി ചുമതല മറ്റൊരാള്‍ക്ക് താൽക്കാലികമായി കൈമാറിയിരുന്നു.
സെയ്തലവിയുടെ അധിക്ഷേപ പ്രസംഗത്തിന് അവിടെയുണ്ടായിരുന്നവര്‍ കയ്യടിച്ചുകൊണ്ടാണ് സ്വീകരിക്കുന്നത്. അധിക്ഷേപ പ്രസംഗത്തിനെതിരെ പരാതി നൽകാനാണ് മുസ്ലീം ലീഗിന്‍റെ തീരുമാനം.
CPM leader's speech sparks controversy, Muslim League to file complaint


































