തലശ്ശേരി: ( www.truevisionnews.com ) നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിക്കുനേരെ അക്രമം നടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പാനൂർ പാറാട് പുത്തൂർ ക്ലബ്ബിന് സമീപം മുഹമ്മദ് അജ്മൽ (27) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി. എസ്ഐ അശ്വതി.കെ അന്വേഷണത്തിനു നേതൃത്വം നൽകി. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും പ്രതിയുടെ ചിത്രം വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
അന്വേഷണം പുരോഗമിക്കുന്നതിനിടെ തലശ്ശേരി നാരങ്ങാപ്പുറത്തുള്ള മറ്റൊരു വീട്ടിലും പ്രതി കയറിയതായി പൊലീസിനു വിവരം ലഭിച്ചു. തുടർന്ന് തലശ്ശേരി എസ്എച്ച്ഒ ബിജു പ്രകാശ്, എസ്ഐ അശ്വതി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ടൗണിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ തിരച്ചിൽ നടത്തി.
വൈകുന്നേരം 6.10ഓടെ തലശ്ശേരി സദാനന്ദപൈ പെട്രോൾ പമ്പിനു സമീപത്തുനിന്ന് പ്രതിയെ പിടികൂടി. എസ്ഐ അശ്വതി, സിപിഒമാരായ സിജിൽ, ഹിരൺ, സായൂജ് എന്നിവർ ചേർന്ന് സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.
Youth arrested for assaulting young woman, trespassing into hostel

































