തിരുവനന്തപുരം: (https://truevisionnews.com/) തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മിന്നും വിജയത്തിന് നന്ദിപറഞ്ഞ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കേന്ദ്ര നേതൃത്വത്തിന്‍റെയും സംസ്ഥാനനേതൃത്വത്തിന്‍റെയും കൂട്ടായ ശ്രമഫലമാണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
വിജയം പ്രതീക്ഷിച്ചിരുന്നെന്നും ഇതിനുവേണ്ടിയിട്ടുള്ള തയ്യാറെടുപ്പുകൾ നേരത്തെ തുടങ്ങിയിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സംഘടിപ്പിച്ച സമരസംഗമങ്ങൾ വിജയത്തിന് മുതൽക്കൂട്ടായിട്ടുണ്ട്.
കെപിസിസി നടത്തിയ സംഘടനാപരമായ മാറ്റങ്ങൾ, വാർഡ് തലത്തിലുള്ള പ്രവർത്തനങ്ങൾ, ജനങ്ങളുമായി ബന്ധപ്പെട്ട പ്രധാന സമരവിഷയങ്ങൾ എന്നിങ്ങനെ കോൺഗ്രസ് നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘സർക്കാർ തിരഞ്ഞെടുപ്പിന് മുമ്പായി പ്രതിപക്ഷത്തിന്റെ ശ്രദ്ധതിരിച്ചുകൊണ്ട് വാർഡുകൾ അശാസ്ത്രീയമായി വെട്ടിമുറിക്കാനുള്ള ഭേദഗതി ബിൽ പാസാക്കിയിരുന്നു. വോട്ടർ പട്ടികയിൽ ഒരുപാട് അനർഹരെ പട്ടികയിൽ ചേർത്തു. ഒരുപാട് ഇരട്ട വോട്ടുകൾ ഉണ്ടായിരുന്നു. എന്നിട്ടും സജീവമായ കോൺഗ്രസ് നേതൃത്വപങ്കാളിത്തത്തിന് ജനങ്ങൾ സമ്മാനിച്ച വിജയമാണിത്’, അദ്ദേഹം പറഞ്ഞു.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ മോഷണമാണ് ശബരിമലയിൽ നടന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. ഹൈക്കോടതിയുടെ അതിശക്തമായ ഇടപെടലിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ വെച്ച് മുന്നോട്ടു പോയത്. കള്ളന്മാർ കപ്പലിൽതന്നെ എന്ന് ഒരുപക്ഷേ ആദ്യം പറഞ്ഞത് കോൺഗ്രസായിരിക്കും.
അതിൽ കുറേ പേരെ പിടിച്ചിരിക്കുന്നു, പക്ഷേ കപ്പിത്താന്മാർ ഇപ്പോഴും പിടിക്കപ്പെടാൻ ബാക്കിയാണ്. ഹൈക്കോടതി തന്നെ പറഞ്ഞു കൂടുതൽ ഉന്നതന്മാർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്, പക്ഷേ അവരെ പിടിക്കാൻ പോലീസിന്‍റെ കൈകൾ കെട്ടിയതുപോലെയാണ്.
എല്ലാ നിലയിലും ശബരിമല വിഷയം ഉൾപ്പെടെ സർക്കാരിൻ്റെ കള്ളക്കളികൾ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ സാധിച്ചു. അതൊക്കെ ജനങ്ങൾ നന്നായി വിലയിരുത്തി. അതിൻ്റെ അടിസ്ഥാനത്തിലാണ് ഈ ജനവിധി. ഈ വിധി ജനങ്ങളുടെ വികാരത്തിൻ്റെ ശക്തമായ പ്രകടനമാണ്. അതിന് ഞങ്ങൾ അങ്ങേറ്റം നന്ദി രേഖപ്പെടുത്തുന്നു, അദ്ദേഹം പറഞ്ഞു.
SunnyJoseph expresses gratitude for UDF's landslide victory in local body elections



































