ഫെഫ്ക രാജിക്കു പിന്നാലെ നടി ഭാഗ്യലക്ഷ്മി വീണ്ടും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. എതിരാളി ശക്തനും സമ്പന്നനും സ്വാധീനമുള്ളവനാണെന്നും, അതിജീവിതയോടൊപ്പം നിന്നത് പൊതുസമൂഹവും മാധ്യമങ്ങളുമാത്രമാണെന്നും അവർക്കു പറഞ്ഞു.
“വിധി വന്നതിന് ശേഷം ഞാനും അവളും ഉറങ്ങിയില്ല. ഇനി എന്ത് ചെയ്യണമെന്ന് ആശങ്കയായി. എന്റെ പ്രതിഷേധം എല്ലാവർക്കും അറിയണം. ഒഫീഷ്യൽ ഇമെയിൽ അയക്കുന്നതിലൂടെ ഒന്നും മാറില്ലെന്നതിനാലാണ് വീഡിയോയിലൂടെ പ്രതികരിച്ചതും തുടർന്ന് പരാതി നൽകാൻ തീരുമാനിച്ചതും,” ഭാഗ്യലക്ഷ്മി പറഞ്ഞു.
ഫെഫ്കയിൽ നിന്ന് രാജിവെച്ചതിന് ശേഷം ബി. ഉണ്ണികൃഷ്ണനെതിരെ ഭാഗ്യലക്ഷ്മി തുറന്ന വിമർശനവുമായി എത്തിയിരുന്നു. ഗൂഢാലോചന തെളിയിക്കപ്പെടാത്തതിനാൽ കുറ്റവിമുക്തനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതിഷേധം.
വിധി വന്ന ഉടൻ തന്നെ “അപേക്ഷ കിട്ടിയാൽ ദിലീപിനെ തിരിച്ചെടുക്കുന്നത് പരിഗണിക്കും” എന്ന ബി. ഉണ്ണികൃഷ്ണന്റെ പ്രസ്താവനയിലേയ്ക്കും ഭാഗ്യലക്ഷ്മി വിരൽ ചൂണ്ടി.
“സംഭവം നടന്ന ഉടനെ അതിജീവിതയെ പിന്തുണച്ചുവെന്ന് പറഞ്ഞ നേതാവ്, ഒരിക്കൽ പോലും അവളെ വിളിക്കാനോ കാണാനോ തയ്യാറായില്ല. ദിലീപ് ഒരു കേസിൽ പ്രതിയായതിനാൽ ഞാൻ ഒഴിവാക്കി നിൽക്കണമെന്ന് തന്നെ സഹപ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.
അതുകൊണ്ടാണ് ഇത്രയും കാലം ഞാൻ മിണ്ടാതിരുന്നത്. എന്നാൽ ഇപ്പോൾ കീഴ്കോടതിയുടെ വിധിയെത്തിയ ഉടൻ അംഗത്വം നൽകാമെന്ന പ്രസ്താവനകൊണ്ട് എന്താണ് നടക്കുന്നത്? ഉയർന്ന കോടതികൾ ഇനിയും ബാക്കി നിൽക്കെയാണ്,” ഭാഗ്യലക്ഷ്മി ചോദിച്ചു.
കേസിലെ നിരവധി കാര്യങ്ങൾ ഇനിയും തെളിയിക്കാനുണ്ടെന്നും, അതിജീവിതയ്ക്ക് നീതി നേടാനുള്ള പോരാട്ടം തുടരുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
Actress assault case

































