തിരുവനന്തപുരം : ( www.truevisionnews.com ) സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി വൈലോപ്പിള്ളി സംസ്കൃതി ഭവനുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ വർഷത്തെ സൗത്ത് ഇന്ത്യൻ അവാർഡ്സിൽ മ്യൂസിക് വീഡിയോ വിഭാഗത്തിൽ ഏറ്റവും മികച്ച ഗായകനുള്ള പുരസ്‌കാരം മൊകേരി നടുപ്പൊയിൽ സ്വദേശി രഞ്ജിത്ത് എസ് കരുൺ കരസ്ഥമാക്കി.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന അവാർഡ് നിശയിൽ പ്രശസ്ത സിനിമ പിന്നണിഗായകൻ ജി വേണുഗോപാലും പ്രശസ്ത കവിയും സാംസ്‌കാരിക വകുപ്പ് മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കട്ടാക്കടയും ചേർന്ന് രഞ്ജിത്ത് എസ് കരുണിനു പുരസ്കാരവും പ്രശസ്തി പത്രവും കൈമാറി.വൈലോപ്പള്ളി സംസ്കൃതി ഭവൻ വൈസ് ചെയര്മാൻ ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് അവാർഡ് നിശ ഉദ്ഘാടനം ചെയ്തു.
2025 ൽ പുറത്തിറങ്ങിയ ജോമട്രി എന്ന മ്യൂസിക് വീഡിയോയിലെ ആലാപനത്തിനാണു രഞ്ജിത്ത് എസ് കരുണിനെ മികച്ച ഗായകനായി തിരഞ്ഞെടുത്തത്. അജികുമാർ പനമരം ഗാനരചനയും സംഗീതവും നിർവഹിച്ച ഈ പ്രണയ ഗാനത്തിനു അനൂപ് കുമാർ കല്ലിങ്കലും സുവീഷ് വിശ്വയും ചേർന്നാണ് ഓർക്കസ്ട്രഷൻ ചെയ്‌തിരിക്കുന്നത്.
പ്രശസ്ത സിനിമ സംവിധായകൻ ലിയോൺ കെ തോമസ് സംവിധാനവും ബാഗീഷ് മെയിൻഫ്രെയിം ക്യാമറയും ചെയ്ത ഈ ഗാനത്തിന്റെ ലൊക്കേഷൻ ഇടുക്കി ആയിരുന്നു. കലാകാരന്മാരുടെ സംഘടനയായ ഫിലമെന്റ് യുവയുടെ സംസ്ഥാന പ്രസിഡന്റ് ആയ രഞ്ജിത്ത് ഭാരത് സേവക് സമാജ് ദേശീയ അവാർഡ് ജേതാവ് കൂടിയാണ്. അവാർഡ് നിശയിൽ പ്രശസ്ത നടൻ സുധീർ കരമന വഞ്ചിയൂർ പ്രവീൺ കുമാർ മോഹൻ അയ്‌രൂർ ശ്രീകാന്ത് ടി. ആർ നായർ തുടങ്ങിയവർ പങ്കെടുത്തു.
Ranjith S Karun receives South Indian Cinema Television Academy Award for Best Singer
































