( moviemax.in) കലാഭവൻ മണിയുടെ അടുത്ത സുഹൃത്തുക്കളുടെ ലിസ്റ്റിലുള്ളവരാണ് ദിലീപും നാദിർഷയുമെല്ലാം. ഒരേ കാലഘട്ടത്തിൽ മലയാള സിനിമയിലേക്ക് വന്ന് ഒരുമിച്ച് വളർന്ന് ഹൃദയങ്ങൾ കീഴടക്കിയവർ. മണിയുടെ വേർപാട് സംഭവിച്ചശേഷം ഏറ്റവും കൂടുതൽ വേദനിച്ചതും ഇരുവർക്കുമായിരുന്നു. ഏത് വേദിയിൽ ചെന്നാലും മണിയെ കുറിച്ച് രണ്ട് വാക്കെങ്കിലും ഇരുവരും സംസാരിക്കും ഓർമകൾ പങ്കിടും.
ഇപ്പോഴിതാ ഒരുമിച്ച് സ്റ്റേജ് ഷോ ചെയ്തപ്പോഴുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് നാദിർഷ. അമൃത ടിവിയിലെ ഓർമയിൽ എന്നും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നാദിർഷ. പെർഫോം ചെയ്യുന്നതിനിടെ ഒരുത്തൻ തന്റെ ചെവിയിൽ തെറി പറഞ്ഞപ്പോൾ തനിക്ക് വേണ്ടി അവനെ പഞ്ഞിക്കിട്ടത് മണിയാണെന്ന് നാദിർഷ പറയുന്നു.
ദിലീപ് അടക്കം ഞങ്ങൾ എല്ലാവരും കൂടി ഒരു ഷോയ്ക്ക് പോയി. ഒരുത്തൻ ഗ്രീൻ റൂമിൽ വന്ന് പ്രശ്നമുണ്ടാക്കി. അവനെ ഞങ്ങൾ അവിടെ നിന്നും പറഞ്ഞ് വിട്ടു. അവൻ നേരെ പോയി ഓഡിയൻസിന് ഇടയിൽ ഇരുന്നു. പാട്ട് പാടി ഓഡിയൻസിന് ഇടയിലേക്ക് ചെല്ലുമല്ലോ. ഞാനും അതുപോലെ ഒരു പാട്ട് പാടി ഓഡിയൻസിന് ഇടയിലേക്ക് ചെന്ന് തുള്ളി കളിച്ചുകൊണ്ട് ഇരിക്കുകയാണ്.
അതിനിടയിൽ ആ ഒരുത്തൻ എന്റെ ചെവിയിൽ വന്ന് അധികം ഷൈൻ ചെയ്യല്ലടാ എന്ന് പറഞ്ഞ് ഒരു തെറി വിളിച്ചു. അത് എനിക്ക് ഫീൽ ചെയ്തു. ഞാൻ ഇതെല്ലാം കഴിഞ്ഞ് തിരികെ ചെന്നപ്പോൾ മണി അടുത്ത സ്കിറ്റിന് വേണ്ടി റെഡിയായി കള്ളി മുണ്ടൊക്കെ ഉടുത്ത് നിൽക്കുന്നുണ്ട്. എന്ത് സംഭവിച്ചാലും കൂട്ടുകാർക്ക് പരസ്പരം മുഖത്ത് നോക്കിയാൽ കാര്യം മനസിലാക്കി എടുക്കാൻ പറ്റും.
അതുകൊണ്ട് തന്നെ എന്ത് പറ്റിയടാ എന്ന് മണി എന്നോട് ചോദിച്ചു. അവൻ തെറി പറഞ്ഞ കാര്യം മണിയോട് ഞാൻ പറഞ്ഞു. അവൻ എന്നോട് പറഞ്ഞു. ഇനി നെക്സ്റ്റ് എന്റെ പാട്ട് വെച്ചാൽ മതി സ്കിറ്റ് മാറ്റി ഇടാൻ പറഞ്ഞു. ഞാനും അതുപോലെ ചെയ്തു. മണി നാടൻ പാട്ട് പാടാനായി സ്റ്റേജിൽ കയറി. എന്നിട്ട് എന്നോട് പറഞ്ഞു നീ ഇവിടെ നിന്ന് ഞാൻ ചോദിക്കുമ്പോൾ എനിക്ക് ആളെ കാണിച്ച് തരണമെന്ന്.
അങ്ങനെ മണി ഓരുത്തരേയായി സ്റ്റേജിൽ നിന്നും പൊക്കി എന്നോട് ചോദിച്ചു. ഒരു തിരിച്ചറിയൻ പരേഡ് തന്നെ നടന്നു. അവസാനം ഞാൻ കാണിച്ച് കൊടുത്ത അടയാളം വെച്ച് തെറിവിളിച്ചയാളെ മണി കണ്ടുപിടിച്ചു. പിന്നെ നമ്മൾ കാണുന്നത് മണി അയാളെ സ്നേഹത്തോടെ കെട്ടിപിടിച്ച് ഡാൻസ് കളിക്കുന്നതും പാട്ട് പാടുന്നതുമാണ്.
പക്ഷെ യഥാർത്ഥത്തിൽ മണിയുടെ കൈ തണ്ടയ്ക്കിടയിൽ അവന്റെ കഴുത്ത് കിടന്ന് ഞെരുങ്ങുകയാണ്. ഇടയ്ക്ക് മുട്ടുകാൽ വെച്ച് അടിനാഭിക്കും മണി കൊടുക്കുന്നുണ്ട്. ഇതെല്ലാം കഴിഞ്ഞ് എന്റെ അടുത്ത് മണി വന്ന് അളിയാ എല്ലാം ഓക്കെയാക്കിയിട്ടുണ്ടെന്ന് പറഞ്ഞു നാദിർഷ പറഞ്ഞു.
സുഹൃത്തുക്കൾക്ക് ഒരു പ്രശ്നം പറ്റിയെന്ന് അറിഞ്ഞാൽ നമ്മൾ ഓടി എത്തുന്നതിനും സഹായം ചെയ്യുന്നതിനുമെല്ലാം ഒരു ലിമിറ്റ് വെച്ചിട്ടുണ്ടാകും. പക്ഷെ മണിച്ചേട്ടൻ സുഹൃത്തുക്കളുടെ കാര്യത്തിൽ അങ്ങനൊരു പരിധി വെച്ചിട്ടില്ല. പരിധികളില്ലാതെ അദ്ദേഹം ആളുകളെ സ്നേഹിക്കും സഹായിക്കും. എന്തും അദ്ദേഹത്തോട് നമുക്ക് പറയാമെന്ന് രമേഷ് പിഷാരടിയും പറയുന്നു. മണിയുടെ മരണം ഇന്നും മലയാളികൾക്ക് മറക്കാനാവാത്ത വേദനയാണ്.
മണിയുണ്ടായിരുന്നുവെങ്കിൽ പാൻ ഇന്ത്യൻ തലത്തിൽ തിരക്കുള്ള താരമായി മാറുമായിരുന്നു. കരൾ സംബന്ധമായ അസുഖമാണ് നടന്റെ ജീവനെടുത്തതെന്നാണ് സിബിഐ റിപ്പോർട്ട്. അമിത മദ്യപാനം താരത്തിന് ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
nadhirshah shared funny incident kalabhavanmani

































