( moviemax.in)നടി ഹണി റോസിൻ്റെ കരിയർ ഗ്രാഫ് തന്നെ മാറ്റിമറിക്കാൻ പോകുന്ന, തീവ്രമായ കഥാപാത്രവുമായി 'റേച്ചൽ' വരുന്നു. ആനന്ദിനി ബാലയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻ്റെ സഹരചയിതാവ് പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈനാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയിലറിന് ലഭിച്ച മികച്ച പ്രതികരണങ്ങൾ സൂചന നൽകുന്നത് ഹണി റോസിന്റെ ഒരു ഗംഭീര തിരിച്ചുവരവിനാണ്.
ഡിസംബർ ആറിന് തിയേറ്ററുകളിൽ എത്തുന്ന 'റേച്ചലിൽ', ഹണി റോസ് എത്തുന്നത് ഒരു ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ്. കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ താരം കാഴ്ചക്കാരെ ഞെട്ടിക്കുമെന്ന് ട്രെയിലർ അടിവരയിടുന്നു. ഈ സിനിമ ഹണി റോസിൻ്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും ചിത്രവുമായി മാറാനുള്ള എല്ലാ സാധ്യതകളും മുന്നോട്ട് വെക്കുന്നു.
"ഞാൻ കടിച്ചുതൂങ്ങി പിടിച്ചുനിൽക്കുന്ന ഒരാളാണ്" ട്രെയിലറിന് ലഭിച്ച മികച്ച പ്രതികരണങ്ങൾക്കിടയിൽ, ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ച് വേദിയിൽ ഹണി റോസ് നടത്തിയ ആത്മവിശ്വാസം നിറഞ്ഞതും എന്നാൽ വികാരഭരിതവുമായ തുറന്നുപറച്ചിലാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
"എന്നെ സംബന്ധിച്ച് എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റുന്ന ഒരു സിനിമ ചെയ്യാനാണ് ആഗ്രഹം," ഹണി റോസ് പറഞ്ഞു. "പത്തിരുപത് വർഷമായിട്ടും മലയാള സിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ ഒരാവശ്യവുമില്ല. ഞാൻ കടിച്ചുതൂങ്ങി പിടിച്ചുനിൽക്കുന്ന ഒരാളാണ് ഇത്രയും വർഷമായിട്ടും."
കൂടുതൽ കഥാപാത്രങ്ങൾ വരണമെന്നില്ലെന്നും, "വരുന്നതിൽ നിന്ന് ഏറ്റവും നല്ലത് തിരഞ്ഞെടുത്ത് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന് വേണ്ടി പ്രാർത്ഥിക്കുന്ന ഒരാളാണ് ഞാൻ. അതെൻ്റെ പാഷൻ കൂടിയാണ്," എന്നും താരം കൂട്ടിച്ചേർത്തു.
സിനിമയോടുള്ള ഈ അഭിനിവേശം തന്നെയാണ് 'റേച്ചലി'ലൂടെ ശക്തമായൊരു തിരിച്ചുവരവിന് ഹണി റോസിനെ പ്രേരിപ്പിക്കുന്നത്. ഡിസംബർ 6 ന് തിയേറ്ററുകളിൽ ചിത്രം എത്തുമ്പോൾ സിനിമാപ്രേമികൾക്ക് വലിയ പ്രതീക്ഷകളാണുള്ളത്.
honey rose, rachel, trailer launch

































