തിരുവനന്തപുരം: (https://truevisionnews.com/) ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാർ ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. മുൻ പ്രസിഡന്‍റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിന്‍റെ അറസ്റ്റിന് പിന്നാലെയാണ് എസ് എ ടി അന്വേഷണം പത്മകുമാറിലേക്ക് നീണ്ടത്.
അറസ്റ്റും ഉടനുണ്ടായേക്കും. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ അറസ്റ്റ് ചെയ്യുന്നത് ചൊവ്വാഴ്ച വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുളള സാമ്പിളുകൾ അന്വേഷണ സംഘം മറ്റന്നാൾ ഉച്ചക്ക് ശേഷം ശേഖരിക്കും.
അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ആയി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഇന്ന് ചുമതലയേൽക്കും. അംഗമായി മുൻ മന്ത്രി കെ രാജുവും രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തി സത്യപ്രതിജ്ഞ ചെയ്യും.
രണ്ട് വർഷത്തേക്കാണ് കാലാവധി. പ്രസിഡന്‍റായിരുന്ന പി.എസ്. പ്രശാന്തും അംഗം എ.അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. ചീഫ് സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിച്ച ശേഷം 5 വർഷം മലയാള സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു ജയകുമാർ.
ഒന്നാം പിണറായി സർക്കാരിൽ വനം മന്ത്രിയായിരുന്നു കെ രാജു. ബോർഡിലെ സംവരണ സമവാക്യം പാലിക്കുന്നതിന്റെ ഭാഗമായാണ് സിപിഐ രാജുവിന് അവസരം നൽകിയത്. പുനലൂരിൽ നിന്നുള്ള നേതാവായ കെ. രാജു സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്.
കെ ജയകുമാറിനെ പ്രസിഡന്റായി സിപിഐഎം തീരുമാനിച്ചപ്പോൾ സാമുദായിക സമവാക്യം പാലിക്കേണ്ടതുണ്ടെന്ന തീരുമാനത്തിലേക്ക് സിപിഐ എത്തുകയായിരുന്നു. തുടർന്നാണ് കെ രാജുവിനെ പരിഗണിച്ചത്.
Sabarimala gold theft case: Former Devaswom Board President APadmakumar


































