തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി ഡോക്ടർ. ഹാരിസ് ഹസൻ. നാടാകെ മെഡിക്കല്‍ കോളജ് തുടങ്ങിയിട്ട് കാര്യം ഇല്ലെന്നും സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഉള്ള ആശുപത്രികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
കോന്നി മെഡിക്കല്‍ കോളേജ് തുടങ്ങിയെന്നും പക്ഷേ അവിടെ അടിസ്ഥാന സൗകര്യം കുറവാണെന്നും ഹാരിസ് ചിറയ്ക്കൽ ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളേജിലെ ചികിത്സ പിഴവിനെ തുടർന്ന് കൊല്ലം സ്വദേശി വേണു മരിച്ചെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് വീണ്ടും വിമർശനമുയർത്തി മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് രംഗത്ത് എത്തിയത്.
വേണുവിനെ തറയില്‍ കിടത്തി ചികിത്സിച്ചതിനെ ഹാരിസ് വിമര്‍ശിച്ചു. 'വേണുവിനെ തറയില്‍ ആണ് കിടത്തിയിരുന്നത്. തറയില്‍ എങ്ങനെ അണ് ഒരാളെ കിടത്തുന്നത്. ഒരാള്‍ക്ക് എങ്ങനെ ആണ് അങ്ങനെ ഒരു അവസ്ഥയിലേക്ക് പോകാന്‍ കഴിയുന്നത്. എങ്ങനെ ആധുനിക സംസ്‌കാരത്തില്‍ തറയില്‍ കിടത്തി ചികില്‍സിക്കാനാകും. പ്രാകൃതമായ നിലവാരം ആണ്', ഹാരിസ് പറഞ്ഞു.
ഒരിക്കല്‍ ഇത് ചൂണ്ടി കാണിച്ചത് ആണെന്നും അന്ന് വളരെ വിഷമകരമായ അവസ്ഥ ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്ന് സമൂഹവും മാധ്യമങ്ങളും കൂടെ നിന്നും. ന്യൂനത ചൂണ്ടി കാണിക്കുക മാത്രമാണ് ചെയ്തത്. ആരെയും കുറ്റപ്പെടുത്തുക ആയിരുന്നില്ല ലക്ഷ്യം. നിരവധി പേരാണ് തിരുവനന്തപുരം മെഡിക്കള്‍ കോളേജില്‍ എത്തുന്നതെന്നും അത്രയും പേരെ ഉള്‍കൊള്ളാനുള്ള സൗകര്യം അവിടെ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കിയെന്നാണ് കഴിഞ്ഞ ദിവസം കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐപ് പ്രതികരിച്ചത്. എല്ലാ രോഗികളും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രി 8.15 ഓടെയാണ് കൊല്ലം പന്മന സ്വദേശിയായ വേണു(48) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ദുരനുഭവം ചൂണ്ടിക്കാട്ടി വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു.
അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യണമെന്ന ജില്ലാ ആശുപത്രിയില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് നവംബര്‍ ഒന്നിനായിരുന്നു വേണു മെഡിക്കല്‍ കോളേജില്‍ എത്തിയത്. എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ശബ്ദസന്ദേശത്തില്‍ ആരോപിച്ചിരുന്നു.
Thiruvananthapuram MedicalCollege, treatment, Patientdeath, Dr. Haris Hassan



























