( moviemax.in) മമ്മൂട്ടിയെക്കുറിച്ചുള്ള നടൻ ചന്തു സലിം കുമാറിന്റെ ഹൃദയസ്പർശിയായ വാക്കുകൾ ശ്രദ്ധേയമാകുന്നു. തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ചന്തുവിന്റെ കുറിപ്പ്. അച്ഛനും അമ്മയും ഏതൊരാളുടെയും സൂപ്പർ ഹീറോസ് ആണെങ്കിലും, ചെറുപ്പം മുതൽ ആരാധിക്കുകയും അടുത്തറിയുമ്പോൾ ഉടഞ്ഞുപോകാത്ത വിഗ്രഹമായി മാറുകയും ചെയ്യുന്ന ഒരാൾ മമ്മൂട്ടിയാണെന്ന് ചന്തു പറയുന്നു.
ചന്തു സലിം കുമാറിന്റെ വാക്കുകൾ
ഈയടുത്ത രണ്ട് മൂന്ന് ആഴ്ചകളായി ഞാൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ചോദ്യമാണ്. Who is your superhero ? എത്ര വലുതായാലും ഏതൊരു ആളുടെയും അച്ഛൻ അല്ലെങ്കിൽ അമ്മ തന്നെയായിരിക്കും അവരുടെ സൂപ്പർഹീറോസ്.
എന്റെയും അങ്ങനെ തന്നെയാണ്. പക്ഷേ എല്ലാവരുടെയും ലൈഫിൽ മറ്റൊരു സൂപ്പർ ഹീറോ കൂടെയുണ്ടാകും, ചെറുപ്പം മുതൽ ആരാധിക്കുന്ന, അടുത്തറിയുമ്പോൾ ഉടഞ്ഞുപോകാത്ത വിഗ്രഹമായി മാറുന്ന ഒരാൾ. അയാൾ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും നിങ്ങളുടെ ജീവിതത്തിൽ ഓരോ മാറ്റങ്ങൾ കൊണ്ടുവരും.
താൻ പാതി ദൈവം പാതി, എന്നൊരു ചൊല്ലുണ്ട്, നമ്മൾ താൻ പാതി ചെയ്താൽ മതി ബാക്കി ദൈവം നോക്കിക്കോളും എന്നൊരു ലൈൻ ആണത്. ആ ദൈവം പാതി പരിപാടി ചെയ്യാൻ ചിലരെ ഈ ദൈവം ഏർപ്പാടാക്കിയിട്ടുണ്ട്. അത്തരത്തിലൊരു ദൈവം എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും. മറ്റാരും അംഗീകരിക്കാത്തപ്പോൾ, അയാൾ മാത്രം നിങ്ങളെ അംഗീകരിക്കും. അയാൾ നിങ്ങളെക്കുറിച്ച് മറ്റുള്ളവരോട് പറയും.
അയാൾ നിങ്ങളിൽ അർപ്പിക്കുന്ന വിശ്വാസം ആയിരിക്കും നിങ്ങൾക്ക് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം പകരുന്നത്. അത്തരത്തിലൊരാളുടെ വാക്കുകളാണ് എന്നെ എപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നത്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അയാൾ എനിക്ക് വേണ്ടി പലതും ചെയ്യുന്നുണ്ട്. ചിലതെല്ലാം അയാൾ അറിഞ്ഞുകൊണ്ടും, ചിലതൊക്കെ അയാൾ അറിയാതെയും.
പലരും അയാൾ വീണുപോയെന്നും, ഇനി തിരിച്ചു വരില്ലെന്നും, പലതും പറയും. പക്ഷേ നിങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ നിങ്ങൾക്ക് അറിയാം, അയാൾ വരുമെന്ന്. മായാവി സിനിമയിൽ സായികുമാർ ഗോപികയോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്, നീ പറയാറില്ലേ. എല്ലാ ആപത്തിൽ നിന്നും രക്ഷിക്കാൻ കാവൽ മാലാഖയെ പോലെ ഒരാൾ വരുമെന്ന്. അയാൾ വരും. ചിലരുടെ ജീവിതത്തിൽ ഈ അയാൾ ഒരു ദൈവമായിരിക്കും. ചിലർക്ക്, ഈ അയാൾ ഒരു കൂട്ടുകാരനായിരിക്കും. ചിലർക്ക്, ഈ അയാൾ ഒരു അജ്ഞാതനായിരിക്കും. എന്റെ ജീവിതത്തിൽ, ഈ അയാൾ മമ്മൂക്കയാണ്. ഞങ്ങളുടെ മൂത്തോൻ. ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ മമ്മൂക്ക.
'An unbreakable idol in my life': Chandu Salim Kumar gets emotional about Mammootty