(moviemax.in) മമ്മൂട്ടിയുടെ നിലവിലെ ആരോഗ്യാവസ്ഥയെക്കുറിച്ചും മമ്മൂട്ടിയുമായുള്ള സുഹൃത്ബന്ധത്തെക്കുറിച്ചും മനസ്സു തുറന്ന് നടൻ വി.കെ. ശ്രീരാമൻ. ഇടയ്ക്ക് വെറുതെ വർത്തമാനം പറയാൻ പോലും മമ്മൂട്ടി വിളിക്കാറുണ്ടെന്ന് വി.കെ ശ്രീരാമൻ പറയുന്നു. അസുഖത്തെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നു. ചികിത്സയുടെ ആദ്യകാലങ്ങളിൽ ഭക്ഷണത്തിന് രുചി തോന്നിയിരുന്നില്ല. മണം അറിയാനുള്ള കഴിവും നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം മാറി. ആൾക്കൂട്ടങ്ങളുടെ ഇടയിലേക്ക് വൈകാതെ മമ്മൂട്ടി മടങ്ങിവരുമെന്നും വി.കെ ശ്രീരാമൻ പറഞ്ഞു. രോഗം പൂർണമായും ഭേദമായെന്ന് മമ്മൂട്ടി വിളിച്ചു പറഞ്ഞതിനെക്കുറിച്ച് വി.കെ. ശ്രീരാമൻ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു.
വി.കെ ശ്രീരാമന്റെ വാക്കുകൾ;
‘മമ്മൂട്ടിക്ക് രോഗവിമുക്തി ഇന്നൊരു ദിവസം പെട്ടെന്ന് ഉണ്ടായതല്ല. മമ്മൂട്ടി എന്നെ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട്. ചിലപ്പോൾ ഒരാഴ്ച കൂടുമ്പോൾ വിളിക്കും. ഇന്നലെയും മിനിയാന്നും ഒക്കെ വിളിച്ചിരുന്നു. അപ്പോഴൊക്കെ ഇതിനെപ്പറ്റി ഒന്നുമല്ല പറഞ്ഞിരുന്നത്. ആദ്യഘട്ടത്തിൽ വിളിക്കുമ്പോൾ ഭക്ഷണത്തിന് രുചിയില്ല നടക്കാൻ ബുദ്ധിമുട്ടുണ്ട് എന്നൊക്കെ പറയുമായിരുന്നു. പക്ഷേ, അതൊന്നും വലിയ പ്രാധാന്യമുള്ള കാര്യമായിട്ടൊന്നുമല്ല സംസാരിക്കുന്നത്. എന്നെ വിളിക്കുമ്പോൾ സംസാരിക്കുന്നത് വേറെ പലതും ആയിരുന്നു. ചിലപ്പോൾ രാഷ്ട്രീയമായിരിക്കും, ചിലപ്പോൾ കൃഷിയെപ്പറ്റി ആയിരിക്കും, അങ്ങനെ എല്ലാറ്റിനെപ്പറ്റിയും സംസാരിക്കും. ഇതൊക്കെ എന്നോടാണ് സംസാരിക്കുന്നത്.
എനിക്കാണെങ്കിൽ ഇതിനെപ്പറ്റിയൊക്കെ മൂപ്പർക്ക് ഉള്ള അത്ര ഗ്രാഹ്യമില്ല. ചില ആളുകളെ പറ്റി പറയുമ്പോൾ, ‘നിനക്ക് എന്താ തോന്നുന്നത്’ എന്ന് ചോദിക്കും. ഞാൻ പറയും, ‘അയാൾ നിങ്ങൾ വിചാരിക്കുന്ന പോലത്തെ ആളല്ല’ എന്ന്. ‘അപ്പോൾ നീ എന്താ വിചാരിച്ചത്’ എന്ന് എന്നോട് ചോദിക്കും. അവിടെ നമ്മൾ കുടുങ്ങും. ഇങ്ങനത്തെ രീതിയിലുള്ള വർത്തമാനങ്ങൾ ആണ് ഞങ്ങൾ തമ്മിലുള്ളത്. അല്ലാതെ ഭയങ്കര ബൗദ്ധിക ചർച്ചകളോ ബൗദ്ധിക വ്യായാമങ്ങളോ ഒന്നും ഉണ്ടാകാറില്ല. പക്ഷേ, ഞങ്ങൾ തമ്മിൽ കുറേനേരം സംസാരിച്ചു കഴിയുമ്പോൾ അതിൽ നിരവധി വിഷയങ്ങൾ ഉണ്ടായിരിക്കും. ഈ വിഷയങ്ങൾ ഒന്നും ആധികാരികമായിരിക്കണമെന്നില്ല. ചിലപ്പോൾ നോവലിനെ പറ്റി, ചിലപ്പോൾ ക്യാമറകളെ പറ്റി, സിനിമകളേയും നാടകത്തെപ്പറ്റിയും ഒരുപാട് സംസാരിക്കും.
പക്ഷേ, എനിക്ക് ഇതൊന്നും വലിയ പിടിയുള്ള കാര്യമായിരിക്കില്ല. ഇടയ്ക്കിടയ്ക്ക് മൂപ്പർക്ക് ഇതിനെപ്പറ്റി സംസാരിക്കാൻ ഒരാളെ കിട്ടണം. അതിനാണ് എന്നെ വിളിക്കുന്നത്. എനിക്കൊന്നും പറയാനില്ലാതാവുമ്പോൾ ചോദിക്കും, ‘നീ വലിയ വിവരം ഒന്നും ഇല്ലാതെ ബുദ്ധിജീവി ചമഞ്ഞ് നടക്കുകയാണ് അല്ലേ’ എന്ന്. മൂപ്പർക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ ഒരു ചാൻസ് കിട്ടണം. ഇന്നലെ വിളിച്ചപ്പോൾ മുഴുവൻ എന്നെ ക്യാമറകളെ പറ്റി പഠിപ്പിക്കുകയായിരുന്നു. ഒരുപാട് ക്യാമറകളെ പറ്റി പറഞ്ഞു. ഫ്യൂജി എന്ന് പറയുന്ന ഒരു ക്യാമറയെ പറ്റി കുറെ പറഞ്ഞു. പിന്നെ ചന്ദ്രനിലേക്ക് ആദ്യം പോയവർ കയ്യിൽ വച്ച ഒരു ഹാൻഡ് മെയ്ഡ് ക്യാമറയുണ്ട്, അതിനെപ്പറ്റി പറഞ്ഞു. അത് ഉണ്ടാക്കിയ സ്ഥലത്തെ പറ്റി കുറെ ആലോചിച്ചു. പിന്നെ പറഞ്ഞു, സ്വീഡനിൽ ആണെന്ന് തോന്നുന്നു അത് ഉണ്ടാക്കിയത് എന്ന്. ക്യാമറയുടെ പേരും പറഞ്ഞു. എനിക്കിപ്പോൾ അധികം ഓർമയൊന്നും നിൽക്കില്ല. അതുകൊണ്ട് ഓർക്കുന്നില്ല. ഇങ്ങനെ നിരവധി കാര്യങ്ങളാണ് സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Actor VK Sreeraman opens up about Mammootty's current health condition