കോഴിക്കോട്: ( www.truevisionnews.com) സുന്നത്ത് കർമ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, എസ്എച്ച്ഒ എന്നിവർ റിപ്പോർട്ട് നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.
കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പൂര്‍ത്തിയായി. ചേളന്നൂർ സ്വദേശികളായ ഷാദിയ ഷെറിൻ, ഇംതിയാസ് ദമ്പതികളുടെ രണ്ട് മാസം പ്രായമായ മകൻ എമിൻ ആദം ആണ് ഇന്നലെ മരിച്ചത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പത്ത് മണിയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങിയത്. മാസം തികയാതെ എട്ടാം മാസത്തില്‍ പ്രസവിച്ച കുഞ്ഞിന്റെ സുന്നത്ത് കര്‍മത്തിനായാണ് കുടുംബം കാക്കൂരുള്ള ആശുപത്രിയില്‍ എത്തിയത്.
ശസ്ത്രക്രിയക്ക് മുമ്പായി പ്രാഥമിക ചികിത്സയോട് കുട്ടി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കാക്കൂര്‍ പോലിസ് കേസെടുത്തിരുന്നു.
Two-month-old baby dies during Sunnah rituals in Kozhikode; Child Rights Commission registers case