മകളുടെ സിനിമ പ്രവേശനത്തെക്കുറിച്ച് പ്രതികരണം ആരായാൻ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരിൽ ഒരാളുടെ മൈക്ക് സിനിമ നടൻ മോഹൻലാലിന്റെ കണ്ണിൽ കൊണ്ടു. തിരുവനന്തപുരത്ത് ജി.എസ്.ടിയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് താരത്തിനെ ചാനലുകാർ വളഞ്ഞത്. ഇതിനിടെ 24 ന്യൂസിന്റെ മൈക്ക് താരത്തിന്റെ മുഖത്ത് തട്ടുകയായിരുന്നു. ‘എന്താണ് മോനേ ഇത്.. കണ്ണിലൊക്കെ...’ എന്ന് പറഞ്ഞ് മൈക്ക് തട്ടി വേദനിച്ച ഭാഗം തടവിക്കൊണ്ട് അദ്ദേഹം കാറിൽ കയറി.
അതേസമയം, മകൾ വിസ്മയയുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. ‘ഞാൻ അറിഞ്ഞില്ല ഒന്നും’ എന്ന് പറഞ്ഞാണ് ഒഴിഞ്ഞുമാറിയത്. അരങ്ങേറ്റ സിനിമയുടെ പേര് മോഹന്‍ലാല്‍ തന്നെയാണ് സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചത്.
ആശിർവാദ് സിനിമാസിന്റെ 37ാമത് ചിത്രത്തിൽ നായികയായാണ് വിസ്മയയുടെ അരങ്ങേറ്റം. മകൻ പ്രണവിന് പിന്നാലെയാണ് വിസ്മയയും സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തുടക്കം എന്നാണ് സിനിമയുടെ പേര്.
‘പ്രിയ മായക്കുട്ടി, ഈ തുടക്കം സിനിമയോട് ജീവിതകാലം മുഴുവന്‍ നീളുന്ന ഒരു സ്‌നേഹബന്ധമായി മാറട്ടെ”, തുടക്കത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സിനിമയിൽ താൽപര്യമില്ലെന്ന് പറഞ്ഞ് മാറിനിന്നവരാണ് പ്രണവും വിസ്മയയും. എന്നാൽ സജീവമല്ലെങ്കിലും ഇടക്കിടെ വന്ന് ചില സിനിമകൾ ചെയ്ത് പോകുന്നുണ്ട് പ്രണവ്.
സിനിമ പോയിട്ട് പൊതുപരിപാടികളിലോ ചടങ്ങുകളിലോ ഒന്നും വിസ്മയ ഇതുവരെ മുഖം കാണിച്ചിട്ടില്ല. യാത്രകളോടായിരുന്നു പ്രിയം. വിസ്മയ തായ് ആയോധന കലകളിൽ പ്രാവീണ്യം നേടിയിരുന്നു. എഴുത്തിലും സജീവമാണ്. ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമസോണിന്റെ ‘ബെസ്റ്റ് സെല്ലര്‍’ വിഭാഗത്തിലും ഈ പുസ്തകം ഇടം പിടിച്ചിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തങ്ങളില്‍ നിന്ന് ഒരു പ്രധാന പ്രഖ്യാപനം ഉണ്ടാവുമെന്ന് ആശിര്‍വാദ് സിനിമാസ് രാവിലെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് മോഹന്‍ലാലിന്റെ ഒരു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ആയിരിക്കുമെന്നാണ് സിനിമാപ്രേമികള്‍ കരുതിയിരുന്നത്.
mohanlal reaction channel mic hit eye