'അസ്ഥികൂടം എവിടെ? ക്യാമറ വീണ്ടും ജോർജുകുട്ടിയിലേക്ക് തിരിയുന്നു'; 'ദൃശ്യം 3' അപ്‌ഡേറ്റുമായി മോഹൻലാൽ

'അസ്ഥികൂടം എവിടെ? ക്യാമറ വീണ്ടും ജോർജുകുട്ടിയിലേക്ക് തിരിയുന്നു'; 'ദൃശ്യം 3' അപ്‌ഡേറ്റുമായി മോഹൻലാൽ
Jun 22, 2025 11:33 AM | By Athira V

( moviemax.in )  മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു 'ദൃശ്യം.' മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രമായി കണക്കാക്കാവുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗവും വലിയ വിജയം നേടിയിരുന്നു. കോവിഡ് കാലത്ത് ഒടിടിയിലാണ് ദൃശ്യം 2 പ്രദർശനത്തിനെത്തിയത്.

അടുത്തിടെ ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമായി 'ദൃശ്യം 3' എത്തുമെന്ന് മോഹൻലാൽ പ്രഖ്യാപിച്ചിരുന്നു. ജീത്തു ജോസഫിനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു മോഹൻലാൽ മൂന്നാം ഭാഗം പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം തുടങ്ങുമെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസ്. മോഹൻലാലും ജിത്തു ജോസഫും അപ്ഡേറ്റ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. 'ക്യാമറ വീണ്ടും ജോർജുകുട്ടിയിലേക്ക് തിരിയുന്നു. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല,' എന്ന ക്യാപ്ഷനും പോസ്റ്റിലുണ്ട്.

ദൃശ്യം 3 സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങള്‍ക്കായുള്ള കാത്തിരിപ്പാണ് ഇനി. ജോര്‍ജുകുട്ടിയ്ക്കും കുടുംബത്തിനും ജീവിതത്തില്‍ പിന്നീടുണ്ടായ മാറ്റം. വരുണ്‍ തിരോധാനക്കേസ് വീണ്ടും ഉയരുന്നതും കോടതി നടപടികളും തുടങ്ങി കേസിലെ നിര്‍ണായക ഘട്ടം മെഡിക്കല്‍ കോളജ് വരെയെത്തി നില്‍ക്കുന്നതാണ് ദൃശ്യം രണ്ടാം ഭാഗം വരെ കണ്ടത്.

ജോര്‍ജുകുട്ടി എന്ന ആ ക്ലാസിക് ക്രിമിനല്‍ തന്‍റെ കുടുംബത്തിനായി ചെയ്തുകൂട്ടുന്ന കാര്യങ്ങളത്രയും പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു. ഇതിനൊരു അവസാനമില്ലേ എന്ന ചോദ്യവും രണ്ടാം ഭാഗം പുറത്തിറങ്ങിയപാടെ ഉയര്‍ന്നു. അതിനുള്ള ഉത്തരമാകുമോ ജീത്തു ജോസഫ് മൂന്നാം ഭാഗത്തില്‍‌ നല്‍കുക എന്നതിലേക്കുള്ള കാത്തിരിപ്പിലാണ് ആരാധകരും.

2013-ലാണ് ദൃശ്യത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ദൃശ്യം - ദി റിസംഷന്‍ എന്ന പേരിൽ 2021 ലാണ് എത്തിയത്. മോഹന്‍ലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.

ദൃശ്യത്തിന്റെ പല ഭാഷകളിലെ റീമേക്കുകളും ബോക്സ് ഓഫീസിൽ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ചിത്രത്തിന്റെ കൊറിയൻ റീമേക്കും പുറത്തുവന്നിരുന്നു. കൊറിയന്‍ നിര്‍മ്മാണ കമ്പനിയായ ആന്തോളജി സ്റ്റുഡിയോസും ഹിന്ദി നിര്‍മ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.




mohanlal drishyam 3 shooting starts october 2025

Next TV

Related Stories
Top Stories










News Roundup