---
title: "'ടയറുകൾ കുത്തിക്കീറാനും താടിയെല്ല് തകർക്കാനുമുള്ള ക്ലീൻ പാസ് നൽകണം'; ബസുകളുടെ മത്സരയോട്ടത്തിൽ മാധവ് സുരേഷ്"
english_title: "madhavsuresh strongly criticized ksrtc and private buses race"
publisher: "moviemax.in"
canonical_url: "https://moviemax.in/news/290539/madhavsuresh-strongly-criticized-ksrtc-and-private-buses-race"
published_at: "2025-05-17T10:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68281b0d7f2a5_madhavsuresh.jpg"
keywords: []
---

# 'ടയറുകൾ കുത്തിക്കീറാനും താടിയെല്ല് തകർക്കാനുമുള്ള ക്ലീൻ പാസ് നൽകണം'; ബസുകളുടെ മത്സരയോട്ടത്തിൽ മാധവ് സുരേഷ്

> **Lead Summary:** കേരളത്തിലെ കെഎസ്ആർടിസി പ്രൈവറ്റ് ബസുകളുടെ മത്സയോട്ടത്തിൽ രൂക്ഷമായി പ്രതികരിച്ച് നടനും കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ മകനുമായ മാധവ് സുരേഷ്. അടുത്തിടെ താനും ചേട്ടൻ ​ഗോകുലും ​ഗുരുവായൂരിൽ നിന്നും വരുന്ന വഴി ബസുകളുടെ മത്സരയോട്ടം കാരണം അപകടത്തിൽപ്പെടേണ്ട അവസ്ഥ ഉണ്ടായെന്ന് മാധവ് പറയുന്നു.

## Article Content

കേരളത്തിലെ കെഎസ്ആർടിസി പ്രൈവറ്റ് ബസുകളുടെ മത്സയോട്ടത്തിൽ രൂക്ഷമായി പ്രതികരിച്ച് നടനും കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ മകനുമായ മാധവ് സുരേഷ്. അടുത്തിടെ താനും ചേട്ടൻ ​ഗോകുലും ​ഗുരുവായൂരിൽ നിന്നും വരുന്ന വഴി ബസുകളുടെ മത്സരയോട്ടം കാരണം അപകടത്തിൽപ്പെടേണ്ട അവസ്ഥ ഉണ്ടായെന്ന് മാധവ് പറയുന്നു.

കെഎസ്ആർടിസി- പ്രൈവറ്റ് ബസുകളുടെ അശ്രദ്ധമായ മത്സരയോട്ടത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും അല്ലെങ്കിൽ ഇത്തരത്തിൽ അപകടമുണ്ടാക്കുന്ന വാഹനങ്ങൾ തകർക്കാനുള്ള ലൈസൻസ് തനിക്ക് നൽകണമെന്നും മാധവ് പറഞ്ഞു. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു മാധവിന്റെ പ്രതികരണം. ഒപ്പം ബസുകളുടെ മത്സരയോട്ടത്തിന്റെ ഒരു വീഡിയോയും മാധവ് പങ്കുവച്ചിരുന്നു.

> "കേരള ജനത ദിവസവും അനുഭവിക്കുന്ന ദുരവസ്ഥയുടെ നേർക്കാഴ്ചയാണിത്. പ്രത്യേകിച്ച് മധ്യ-വടക്കൻ കേരളത്തിലുള്ളവർ. കലൂരിൽ ഒരു പ്രൈവറ്റ് ബസ് അപകടത്തിൽ എന്റെ സഹോദരൻ വിശാഖിനെ എനിക്ക് നഷ്ടപ്പെടേണ്ടതായിരുന്നു. അടുത്തിടെ ഞാനും ചേട്ടൻ ​ഗോകുലും കൂടി ​ഗുരുവായൂരിൽ നിന്നും കൊച്ചിയിലേക്ക് വരുന്നതിനിടെ, രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്ന് പോകാവുന്ന റോഡ്, അർദ്ധ രാത്രയിൽ രണ്ട് ബസുകൾ മത്സരിച്ചത് കാരണം ഞങ്ങളുടെ കാർ ഒരു മരത്തിൽ ഇടിച്ചു കയറേണ്ട സാഹചര്യമുണ്ടായി.

> സെന്റീ മീറ്ററുകളുടെ വ്യത്യാസത്തിലാണ് അന്ന് ഞങ്ങൾ രക്ഷപ്പെട്ടത്. കെ‌എസ്‌ആർ‌ടി‌സി ബസുകളുടെയും പ്രൈവറ്റ് ബസുകളുടെയും അശ്രദ്ധമായ ഈ മത്സര ഓട്ടത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. ഇതാണ് എന്റെ നിർദ്ദേശം. അല്ലാത്തപക്ഷം ഇത്തരമൊരു അനുഭവം എനിക്ക് വീണ്ടും ഉണ്ടായാൽ, ആ വാഹനങ്ങളുടെ ടയറുകൾ കുത്തിക്കീറാനും ഗ്ലാസുകൾ അടിച്ചു പൊട്ടിക്കാനും കുറ്റവാളിയുടെ താടിയെല്ല് തകർക്കാനുമുള്ള ക്ലീൻ പാസ് നൽകേണ്ടതാണ്", എന്നാണ് മാധവ് സുരേഷ് കുറിച്ചത്. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/290539/madhavsuresh-strongly-criticized-ksrtc-and-private-buses-race)