(moviemax.in) പാക് ഷെല്ലാക്രമണത്തെത്തുടര്‍ന്ന് ജയ്‌സാല്‍മീറില്‍ പ്രതിസന്ധിയിലായ 'ഹാഫ്' എന്ന ചിത്രവുമായി ബന്ധപ്പെടുത്തി നടക്കുന്ന പ്രചാരണം തള്ളി നടന്‍ മണിക്കുട്ടന്‍. പാക് അതിര്‍ത്തിയില്‍ കുടുങ്ങി എന്ന് പ്രചരിപ്പിക്കപ്പെടുന്ന മണിക്കുട്ടന്‍ താനല്ലെന്ന് നടന്‍ സാമൂഹികമാധ്യമങ്ങള്‍ വഴി അറിയിച്ചു. താനിപ്പോള്‍ ഒരുസ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കിലാണെന്നും മണിക്കുട്ടന്‍ വ്യക്തതവരുത്തി.
'ഈ വാര്‍ത്തയില്‍ പറഞ്ഞ മണിക്കുട്ടന്‍ ഞാനല്ല. പ്രിയമുള്ളവരേ സിനി സ്റ്റാര്‍ നൈറ്റ് 2025 പ്രോഗ്രാമുമായി ബന്ധപ്പെട്ടു ശ്വേത മേനോന്‍, രാഹുല്‍ മാധവ, മാളവിക, ശ്രീനാഥ്, രേഷ്മ രാഘവേന്ദ്ര, മഹേഷ് കുഞ്ഞുമോന്‍, അനൂപ് കോവളം എന്നിവരോടൊപ്പം ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ്. ഒരു ചാനലില്‍ വന്ന ഫേക്ക് ന്യൂസുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ് ഇടുന്നത്. കൃത്യമായുള്ള ന്യൂസ് വ്യക്തതയോടെ പ്രചരിപ്പിക്കുമെന്നു വിശ്വസിക്കുന്നു.
നല്ല രീതിയിലുള്ള ഇന്ത്യന്‍ പ്രതിരോധം തുടരട്ടെ. എത്രയും വേഗം ശാന്തമാക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു', മണിക്കുട്ടന്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. 'പാക് അതിര്‍ത്തിയില്‍ കുടുങ്ങി 'ഹാഫ്' സിനിമാപ്രവര്‍ത്തകര്‍. സംഘത്തില്‍ സംവിധായകന്‍ സംജാദും നടന്‍ മണിക്കുട്ടനും', എന്ന വാര്‍ത്താകാര്‍ഡ് പങ്കുവെച്ചുകൊണ്ടാണ് മണിക്കുട്ടന്റെ വിശദീകരണം. ന്യൂയോര്‍ക്കില്‍ നടക്കുന്ന പരിപാടിയുടെ പോസ്റ്ററും പങ്കെടുക്കുന്ന മറ്റ് താരങ്ങള്‍ക്കൊപ്പമുള്ള ചിത്രവും മണിക്കുട്ടന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
പാക് ഷെല്ലാക്രമണത്തെ തുടര്‍ന്ന് ജയ്‌സാല്‍മീറില്‍ മലയാള സിനിമാ ചിത്രീകരണസംഘം പ്രതിസന്ധിയിലായിരുന്നു. 200 പേരടങ്ങുന്ന സംഘം ഷൂട്ടിങ് നിര്‍ത്തിവെച്ച് കേരളത്തിലേക്ക് മടങ്ങി. മലയാളത്തിലെ 'ആദ്യവാമ്പയര്‍ ആക്ഷന്‍ മൂവി', എന്ന വിശേഷണത്തില്‍ എത്തുന്ന 'ഹാഫ്' എന്ന ചിത്രത്തിലെ അഭിനേതാക്കള്‍ അടക്കമുള്ള സംഘമാണ് ജയ്‌സാല്‍മീറില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചത്. രഞ്ജിത്ത് സജീവിനെ നായകനാക്കി സംജാദ് സംവിധാനംചെയ്യുന്ന ചിത്രമാണ് 'ഹാഫ്'. ഏപ്രില്‍ 28-ന് ചിത്രീകരണം ആരംഭിച്ച സിനിമ നൂറുദിവസത്തോളമുള്ള ഷെഡ്യൂളാണ് ജയ്‌സാല്‍മീറില്‍ പദ്ധതിയിട്ടിരുന്നത്.
'I am not the Manikuttan mentioned in this news Manikuttan clarified