( moviemax.in) ജോജു ജോർജ് സിനിമ പണി റിലീസായശേഷമാണ് നടി അഭിനയ മലയാളികൾക്കിടയിൽ ചർച്ചയാകുന്നത്. കേൾവി ശക്തിയും സംസാരശേഷിയുമില്ലാത്ത അഭിനയ സിനിമാ പ്രേമികൾക്കും തെന്നിന്ത്യൻ സിനിമയിൽ പ്രവർത്തിക്കുന്നവർക്കും ഒരു അത്ഭുതമാണ്. മുപ്പത്തിമൂന്നുകാരിയായ അഭിനയ കഴിഞ്ഞ പതിനേഴ് വർഷമായി സിനിമയിൽ സജീവമാണ്. ഇതിനോടകം നിരവധി സിനിമകളിൽ നായിക വേങ്ങൾ കൈകാര്യം ചെയ്ത് കഴിഞ്ഞു. തുടക്കം തെലുങ്ക് സിനിമകളിലൂടെയായിരുന്നു. 2009ൽ നാടോടികൾ എന്ന തമിഴ് ചിത്രത്തിൽ നായിക വേഷം ചെയ്തതോടെയാണ് അഭിനയയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങുന്നത്.
കേൾവി ശക്തിയും സംസാരശേഷിയുമില്ലെന്നത് ഒരിക്കലും ഒരു കുറവായി അഭിനയയ്ക്ക് തോന്നിയിട്ടില്ല. അത്ര മനോഹരമായി ലിപ് സിങ്ക് ചെയ്താണ് താരം ഓരോ സീനിലും അഭിനയിക്കുന്നത്. പണിയിൽ ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ചൊരു കഥാപാത്രവും അഭിനയയുടേതാണ്. ഇതുവരെ അമ്പതോളം സിനിമകളിൽ അഭിനയിച്ച നടിയുടെ വിവാഹം അടുത്തിടെയായിരുന്നു. ദീർഘകാല സുഹൃത്തായ കാർത്തിക്കിനെയാണ് അഭിനയ വിവാഹം ചെയ്തത്.
നടൻ വിശാലുമായി അഭിനയ പ്രണയത്തിലാണെന്ന തരത്തിൽ ഒരിടയ്ക്ക് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഗോസിപ്പുകൾ ഇരുവരേയും കോർത്തിണക്കി വരാൻ തുടങ്ങിയതോടെയാണ് താൻ പ്രണയത്തിലാണെന്നും പതിനഞ്ച് വർഷമായുള്ള പ്രണയമാണെന്നും അഭിനയ വെളിപ്പെടുത്തിയത്. വിവാഹം തെലുങ്ക് ആചാരപ്രകാരമായിരുന്നു. ശേഷം സിനിമാ സുഹൃത്തുക്കൾക്ക് വേണ്ടി ചെന്നൈയിലും അഭിനയ വിവാഹസൽക്കാരം നടത്തിയിരുന്നു.
ഇപ്പോഴിതാ വിവാഹശേഷം അഭിനയയും കാർത്തിക്കും ആദ്യമായി നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. വിവാഹം കഴിഞ്ഞുവെന്ന പ്രതീതി ഇല്ലെന്നും വളരെ സന്തോഷം നിറഞ്ഞ നിമിഷത്തിലും അമ്മ ഒപ്പമില്ലെന്നതാണ് സങ്കടമെന്നും അഭിനയ തമിഴ് ചാനലായ സിനിഉലകത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിവാഹം കഴിഞ്ഞുവെന്നത് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു സിനിമയുടെ ഷൂട്ടിൽ പങ്കെടുത്തത് പോലെ ഒരു ഫീലിങ്ങ്സാണ് തോന്നുന്നത്.
യഥാർത്ഥത്തിൽ കല്യാണം നടന്നോ അതോ ഷൂട്ടിങ് ആയിരുന്നോ എന്നൊക്കെയുള്ള ചിന്തകൾ മനസിൽ വന്ന് പോകും. പക്ഷെ ഞാൻ അതീവ സന്തോഷവതിയാണ്. വിവാഹത്തിന് മുമ്പ് വരെ ഒറ്റയ്ക്കായിരുന്നു. അതുകൊണ്ട് തന്നെ അതൊരു ശീലമായി മാറി. വിവാഹം കഴിഞ്ഞതോടെ കാർത്തിക്ക് കൂടി ജീവിതത്തിലേക്ക് വന്നു. എല്ലാ കാര്യങ്ങളും ഷെയർ ചെയ്യണം. എന്റെ ഭർത്താവിന് ചില കാര്യങ്ങൾ അറിയില്ല. അദ്ദേഹത്തോടൊപ്പം ഒന്നായി ജീവിക്കുന്നത് പുതിയൊരു അനുഭവമാണ്.
വിവാഹത്തിന് മുമ്പ് ചെറിയ ഭയമുണ്ടായിരുന്നു. ദാമ്പത്യ ജീവിതത്തിലേക്ക് എങ്ങനെ കടക്കും എന്നൊക്കെയുള്ള ചിന്തയുണ്ടായിരുന്നുവെന്നും അഭിനയ പറയുന്നു. ഏറ്റവും കൂടുതൽ വിഷമം നൽകുന്ന കാര്യം അമ്മ ഒപ്പമില്ലാത്തതാണ്. എല്ലാം അമ്മയോട് ഷെയർ ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് തോന്നാറുണ്ട്. അമ്മയുണ്ടായിരുന്നുവെങ്കിൽ എല്ലാം നോക്കി നടത്തി വിവാഹം കൂടുതൽ മനോഹരമായേനെ.
ഞങ്ങൾ പതിനഞ്ച് വർഷമായി പ്രണയിക്കുന്നവരാണ്. വിവാഹത്തിനുശേഷം അതുകൊണ്ട് തന്നെ വലിയ മാറ്റം തോന്നുന്നില്ല. എപ്പോഴും എൻഗറേജ് ചെയ്ത് എനിക്കൊപ്പം നിൽക്കുന്നയാളാണ് കാർത്തിക്ക്. തുടക്കത്തിൽ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സായിരുന്നു. സൊസൈറ്റിയെ പറ്റി ഞങ്ങൾ ഒരുപാട് സംസാരിക്കാറുണ്ട്. പ്രണയിച്ചതിനേക്കാൾ ഇക്കഴിഞ്ഞ പതിനഞ്ച് വർഷവും ഞങ്ങൾ നല്ല ഫ്രണ്ട്സായിരുന്നു. അതുകൊണ്ട് തന്നെ എന്നേക്കും മനസിൽ ഓർത്ത് വെക്കാൻ ഒരുപാട് നല്ല നിമിഷങ്ങളുണ്ട്. വിവാഹം അടുത്തിടെയാണ് ഉറപ്പിച്ചത്.
കല്യാണം കഴിക്കണമെന്നാണ് മരിക്കും മുമ്പ് വരെ അമ്മ എന്നോട് നിരന്തരമായി പറഞ്ഞിരുന്നത്. അതിന് ഇനിയും ഒരുപാട് സമയമുണ്ടെന്നാണ് അമ്മയോട് അപ്പോഴെല്ലാം ഞാൻ പറഞ്ഞിരുന്നത്. അമ്മയ്ക്കും കാർത്തിക്കിനെ അറിയാം. പക്ഷെ അമ്മയുടെ വേർപാട് വളരെ പെട്ടന്ന് സംഭവിച്ച ഒന്നാണ്. ആദ്യമൊക്കെ അമ്മ ഇനി ഇല്ലെന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ അമ്മ ആഗ്രഹിച്ചതുപോലെ എന്റെ വിവാഹം നടന്നു. എല്ലാവരും സന്തോഷത്തോടെ കഴിയുന്നുവെന്നും നടി കൂട്ടിച്ചേർത്തു.
ഞാൻ പറയും മുമ്പ് എന്റെ മൂഡ് എന്താണെന്ന് കാർത്തിക്ക് മുഖത്ത് നിന്ന് വായിച്ചെടുക്കും. സങ്കടമൊന്നും ഞാനായി പറയേണ്ട ആവശ്യമില്ല. എന്റെ അമ്മയ്ക്ക് എന്നെ എത്ര നന്നായി അറിയാമോ അത്രത്തോളം തന്നെ കാർത്തിക്കും എന്നെ മനസിലാക്കിയിട്ടുണ്ട്. എന്നെ സന്തോഷമാക്കി വെക്കാൻ പറ്റുന്നതെല്ലാം ചെയ്യും. ഞങ്ങൾ ടോം ആന്റ് ജെറി കപ്പിളാണ്. ഇടയ്ക്കിടെ വഴക്കും കൂടാറുണ്ട്. എന്നെ എങ്ങനെ ശാന്തമാക്കണമെന്ന് അദ്ദേഹത്തിന് അറിയാം.
ഞാൻ എല്ലാ വിഷയത്തെയും ഹാന്റിൽ ചെയ്യുമ്പോൾ ടെൻഷനടിക്കും. പക്ഷെ കാർത്തിക്ക് വളരെ ശാന്തനായി ചിരിച്ച മുഖത്തോടെ എല്ലാ പ്രശ്നവും പരിഹരിക്കും. താലികെട്ടുന്ന നിമിഷം ദൈവത്തിന്റെ അനുഗ്രഹത്തിന് വേണ്ടിയാണ് ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചത്. താലികെട്ട് നടക്കുമ്പോഴെല്ലാം അമ്മയുടെ മുഖമായിരുന്നു എന്റെ മനസിൽ.
pani movie actress abhinaya open up about life after marriage video